ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണത്തിന്റെ സമയം നീട്ടി
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള സമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് 19 നെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുകയും പാഴ്സല്‍ വാങ്ങുകയും ആവാം. നിലവില്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഓണ്‍ലൈനില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക. ഈ സമയം ദീര്ഘിപ്പച്ച് എട്ടു മണി വരെയാക്കി.
അതേസമയം ലോക്ക് ഡൗണ്‍ കാലത്ത് അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളത്. ഹോട്ടലുകള്‍ക്കും ഇതിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. നിലവില്‍ പ്രവര്‍ത്തന സമയം രാവിലെ എഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ്. എന്നാല്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകള്‍ക്ക് രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കാനുള്ള ഇളവാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
കടകള്‍ അഞ്ച് മണിക്ക് തന്നെ അടയ്ക്കണം. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള ഭക്ഷണ വിതരണത്തിന്റെ കൗണ്ടര്‍ എട്ട് മണി വരെ തുറക്കാം. അതേസമയം ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നവര്‍ രാത്രി ഒന്‍പത് മണിക്ക് മുന്‍പായി സേവനം അവസാനിപ്പിച്ചിരിക്കണം എന്നും ഉത്തരവില്‍ പറയുന്നു.