ഇങ്ങനെയൊരു കഥ പറച്ചില്‍ മുന്‍പ് കേട്ടിട്ടുണ്ടാവില്ല, അത്ര മനോഹരം; സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന് ഒരു കഥയും കുരുന്ന് കഥാകാരിയും
പിള്ള മനസ്സില്‍ കള്ളമില്ല എന്നാണല്ലോ ചൊല്ല്. അതുകൊണ്ടുതന്നെ കുട്ടിത്തം നിറഞ്ഞ വര്‍ത്തമാനങ്ങളും നിഷ്‌കളങ്കതയോടെയുള്ള പുഞ്ചിരികളുമൊക്കെ പലപ്പോഴും മനം കവരാറുണ്ട്. ചില നേരങ്ങളില്‍ സമൂഹമാധ്യമങ്ങളിലും താരമാകുറുണ്ട് കുരുന്നുകള്‍. പാട്ടുപാടിയും നൃത്തം ചെയ്തും അഭിനയിച്ചുമെല്ലാം പ്രതിഭ തെളിയിച്ചുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ കുട്ടിത്താരങ്ങള്‍ ആരാധകരെയും സൃഷ്ടിക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് ഒരു കൊച്ചു മിടുക്കിയാണ്. മനോഹരമായ ഒരു കഥയുമായാണ് ഈ കുരുന്ന് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. കൃഷ്ണ വേണി എന്നാണ് ഈ മിടുക്കിയുടെ പേര്. കൊടകര ആലത്തൂര്‍ സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനി.
ഭാവാഭിനയത്തോടെയുള്ള കൃഷ്ണ വേണിയുടെ കഥ പറച്ചില്‍ രസകരമാണ്. എല്ലാവര്‍ക്കും നമസ്‌കാരം എന്നു പറഞ്ഞുകൊണ്ടാണ് കുരുന്ന് കഥ ആരംഭിക്കുന്നത്. അത്യാഗ്രഹം ആപത്താണ് എന്ന വലിയ സന്ദേശവും നല്‍കുന്നുണ്ട് കൃഷ്ണവേണി തന്‍റെ കഥയിലൂടെ.