19 പേര്‍ക്ക് രോഗവിമുക്തി; സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്

April 13, 2020
Corona Updates Kerala

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ കണ്ണൂര്‍ ജില്ലയിലും ഒരാള്‍ പാലക്കാടുമാണ്. 19 പേര്‍ ഇന്ന് രോഗവിമുക്തരായി. രോഗവിമുക്തരായവരില്‍ 12 പേര്‍ കാസര്‍ഗോഡ് ജില്ലയിലാണ്.

കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ദിവസവും കുറഞ്ഞു വരുന്നുണ്ട്. രോഗം ഭേദപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് കൂടുതല്‍ അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസികളുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാവിലക്ക് മൂലം വിദേശത്ത് കുടുങ്ങിപ്പോയവര്‍ നിരവധിയാണ്. അടിയന്തര ആവശ്യമുള്ളവരെ പ്രത്യേക വിമാനത്തില്‍ തിരികെ എത്തിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് സംരക്ഷണവും അവരുടെ പുനഃരധിവാസത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. കുട്ടികള്‍ അടക്കമുള്ളവര്‍ വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. വിഷുദിനത്തോട് അനുബന്ധിച്ച് ആളുകള്‍ കൂട്ടം കൂടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.