എന്താണ് എപ്പിഡമിക് ഡിസീസ് ആക്ട് 1897? അറിയേണ്ടതെല്ലാം..
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്തിന്റെ പാശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് രാജ്യം നേരിടുന്നത്. ആളുകളിൽ രോഗബാധ വർധിക്കുകയും നിയന്ത്രണാതീതമായി സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാനുമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ഇത് കാര്യമാക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം വർധിക്കുകയാണ്. കേരളത്തിൽ ഈ സാഹചര്യത്തിൽ ഇനി പുറത്തിറങ്ങുന്നവർക്കെതിരെ എപ്പിഡമിക് ആക്റ്റ് പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. അറസ്റ്റ് ഉണ്ടാകും എന്നല്ലാതെ മുൻപ് സമാനമായ അനുഭവം കേരളത്തിൽ ഉണ്ടായിട്ടില്ലാത്തതിനാൽ പലർക്കും എന്താണ് എപ്പിഡമിക് ആക്ട് എന്നറിയില്ല.
അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിയമം ആണ് 1897ൽ പ്രാബല്യത്തിൽ വന്ന എപ്പിഡമിക് ഡിസീസ് ആക്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മുംബൈയിൽ ബ്യൂബോണിക് പ്ലേഗ് നിയന്ത്രിക്കുന്നതിനായി ആദ്യമായി നടപ്പിലാക്കിയ ഒരു നിയമമാണ്.
രോഗം പടരുന്നത് നിയന്ത്രിക്കുന്നതിന് വേണ്ട നടപടികൾ നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രത്യേക അധികാരങ്ങൾ നൽകി പകർച്ചവ്യാധികൾ തടയുകയാണ് ഈ ആക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യയിൽ കോളറ, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ വിവിധ രോഗങ്ങൾ പതിവായുണ്ടാകുന്നതിനാൽ ഈ നിയമം ഇവിടെ ശക്തമാണ്. മുൻപ് ഗുജറാത്തിൽ കോളറ പടരാൻ തുടങ്ങിയതോടെ 2018 ൽ ഈ നിയമം നടപ്പാക്കി. 2015 ൽ ചണ്ഡീഗഢ് പ്രദേശത്ത് ഡെങ്കി, മലേറിയ എന്നിവ നേരിടാനും 2009 ൽ പൂനെയിൽ പന്നിപ്പനിപ്രതിരോധിക്കുവാനും ഈ നിയമം ഉപയോഗിച്ചിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിനായി 2020 മാർച്ചിൽ ഇന്ത്യയിൽ ഒട്ടാകെ ഈ നിയമം പ്രഖ്യാപിച്ചു. 2020 മാർച്ച് 11 ന് ഇന്ത്യൻ കാബിനറ്റ് സെക്രട്ടറിയാണ് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 1897 എപ്പിഡമിക് ഡിസീസ് ആക്ടിലെ സെക്ഷൻ 2 ലെ വ്യവസ്ഥകൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത് എന്ന് അറിയിച്ചത്.
ഈ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കാത്തവർ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് ശിക്ഷിക്കപ്പെടും.