‘അഞ്ചാം പാതിരാ’ ടെയിൽ എൻഡ് സീൻ ഷൂട്ടിങ് കണ്ട അനുഭവം പങ്കുവെച്ച് ആരാധകൻ; കുറിപ്പ്
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് സിനിമയായി മാറുന്ന ‘അഞ്ചാം പാതിരാ’ക്ക് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത് വളരെ മികച്ച അഭിപ്രായങ്ങളാണ്. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രമാണ് ‘അഞ്ചാം പാതിരാ’. കുഞ്ചാക്കോ ബോബനു പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ്, നിഖില വിമൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രസംയോജനം. സുശിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് കണ്ട അനുഭവം പങ്കുവെയ്ക്കുകയാണ് അബ്ദുൽ കരീം എന്ന ആരാധകൻ.
റഫീഖ് അബ്ദുൾ കരീമിന്റെ കുറിപ്പ് വായിക്കാം:
ഒരു ഞായറാഴ്‌ചയായിരുന്നു, അപ്പുറത്തെ ബിൽഡിങിന്റെ താഴെ ഒരു ഷൂട്ട് നടയ്ക്കുന്നു. ഒരു പെൺകുട്ടി തലയിൽ സ്കാർഫ് ഇട്ട്, ബാഗുമായി നടന്നു പോകുന്നു. പുറകെ നാലഞ്ച് പേർ ഒരു സ്റ്റഡി ക്യാമുമായി ഓടുന്നു. സ്കാർഫ് ഇട്ടത് കൊണ്ട്, പെൺകുട്ടിയെ ശരിക്കും മനസ്സിലായില്ല. മലബാർ ആൽബം വല്ലതുമായിരിക്കുമെന്ന് കരുതി, അത് അവഗണിച്ചു. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം ബാൽക്കണിയിൽ വന്നപ്പോൾ ഇതേ അവസ്ഥ തന്നെ. സ്കാർഫ് ഇട്ട പെൺകുട്ടി നടക്കുന്നു, സ്റ്റഡി ക്യാമുമായി അവർ പുറകിൽ. ഒരു ആൽബത്തിനൊക്കെ ഇത്ര പെർഫെക്‌ഷനോ, എന്നെല്ലാം ചിന്തിച്ച് ഞാൻ വീണ്ടും റൂമിനുള്ളിലേക്ക്…..
അഞ്ചാം പാതിര ഫസ്റ്റ് ഡേ, സെക്കൻഡ് ഷോ കണ്ടിരുന്നപ്പോൾ, ക്ലൈമാക്സിൽ അതാ എന്റെ ഫ്ലാറ്റിനടുത്തെ ബിൽഡിങ് അന്ന് ഞാൻ കണ്ട ആ ആൽബം ഷൂട്ട്, സ്കാർഫ് ഇട്ട പെൺകുട്ടി, മുഖം മറയ്ക്കാൻ ശ്രമിച്ച് കൊണ്ട് ധൃതിയിൽ നടന്നു പോകുന്നു, ഇപ്പോൾ മുഖം വ്യക്തമായി, നിഖില വിമൽ….. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ത്രില്ലറിന്റെ ടെയിൽ എൻഡ് സീനായിരുന്നു അന്ന് ഞാനവിടെ കണ്ടതെന്ന് മനസ്സിലായപ്പോൾ, ഒരു വിഷമം. അന്ന് ഒന്ന് ഇറങ്ങി അവിടെ വരെ അത് പോയി നോക്കാൻ മടി പിടിച്ചതിന് മനസ്സിൽ അഗാധമായ കുറ്റബോധം.