ഗംഭീര ആലാപനവുമായി മകള്‍, പാട്ടിന് കോറസ് പാടി അമ്മ; കലത്തില്‍ താളമിട്ട് അച്ഛനും: വൈറല്‍ വീഡിയോ

April 30, 2020

കലാകാരന്‍മാര്‍ക്ക് മുന്‍പില്‍ ഇക്കാലത്ത് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സൈബര്‍ ലോകത്ത് താരമാകുന്നു.

സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ഒരു കുടുംബത്തിന്റെ സംഗീത പ്രകടനം. ദേവു ജയന്‍ എന്ന ഏഴാം ക്ലാസുകാരിയുടെ ആലാപനമാണ് ഈ സംഗീത പ്രകടനത്തിലെ പ്രധാന ആകര്‍ഷണം. അമ്മ ശ്രീലേഖ കോറസ് പാടുന്നു. കലത്തില്‍ താളം പിടിച്ച് അച്ഛന്‍ ജയനുമുണ്ട് ഈ പാട്ട് പ്രകടനത്തില്‍. ദേവുവിന്റെ അനുജത്തി ഗീതുവും ഇവര്‍ക്കൊപ്പമുണ്ട്.

ചങ്ങനാശ്ശേരി മാമൂട് ശാന്തിപുരം സ്വദേശികളാണ് ഈ കലാകുടുംബം. മുന്‍പും പലതവണ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട് ദേവുവിന്റെ പാട്ടുകള്‍. കേരളത്തിലെ ഗാനമേള ട്രൂപ്പുകളിലും ഈ മിടുക്കി പാട്ടുകള്‍ പാടുന്നുണ്ട്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചമ്മ പാടി ഹിറ്റാക്കിയ ടൈറ്റില്‍ ഗാനമാണ് കുടുംബ സമേതം ഇവര്‍ ആലപിച്ചിരിക്കുന്നത്. ഈ പാട്ടുവീഡിയോ ഇതിനോടകംതന്നെ നിരവധിപ്പേര്‍ ഏറ്റെടുത്തുകഴിഞ്ഞു. എന്തായാലും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി നേടുകയാണ് മനോഹരമായ ഈ സംഗീതകുടുംബം.

9744988757