കൊവിഡിനെ നേരിടാൻ ബൈക്കിൽ ആംബുലൻസ് ഒരുക്കി കമ്പനി; കൈയടിച്ച് സൈബർലോകം

കൊറോണ വൈറസ് എന്ന മഹാവിപത്തിനെ നേരിടാൻ വ്യത്യസ്തമായ വഴികൾ തേടുകയാണ് അധികൃതരും ആരോഗ്യപ്രവർത്തകരും. ലോകത്ത് മുഴുവൻ ദുരിതം വിതച്ച മഹാവിപത്തിനെ ഇല്ലാതാക്കാൻ ഇരുചക്ര വാഹനങ്ങളിൽ ഒരുക്കിയ 60 ഫസ്റ്റ് റസ്പോണ്ടർ മൊബൈൽ ആംബുലൻസുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ മോട്ടോ കോർപ് കമ്പനി.
ഗ്രാമപ്രദേശങ്ങളിലും വാഹനങ്ങൾ കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയാണ് ഇതുകൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കുന്നതിനും ഈ വാഹനങ്ങൾ സഹായിക്കും. രോഗിയെ കിടത്തി യാത്ര ചെയ്യിക്കാവുന്ന സൈഡ് കാർ സൗകര്യത്തിനു പുറമെ ഔക്സിജൻ സിലിണ്ടർ, ഫയൽ എക്സ്റ്റിൻഗ്വിഷർ, സൈറൻ തുടങ്ങിയവയൊക്കെ ഈ വാഹനത്തിൽ ഉണ്ട്.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കുമായി 100 കോടി രൂപ കമ്പനി നേരത്തെ സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെ ദുരിതമനുഭവിക്കുന്ന നിരവധിപ്പേർക്ക് സഹായവുമായി കമ്പനി എത്തി. ഇതിന് പുറമെയാണ് ഇപ്പോൾ ഇരുചക്രവാഹനങ്ങളിൽ ആംബുലൻസ് സൗകര്യം കമ്പനി ഒരുക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പിന്തുണയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.