‘ഉള്ളിൽ വല്ലാത്ത നെഞ്ചിടിപ്പുണ്ടായിരുന്നു, കുഞ്ഞ് എന്നെ കണ്ടു കരഞ്ഞാലോ? പാവം, അമ്മയെ വിളിച്ചു തന്നെയല്ലേ കരയുക?’- മാതൃത്വം തുളുമ്പി ശ്രദ്ധേയമായ ഒരു കുറിപ്പ്
മാതൃത്വത്തിന് ഒരു പ്രത്യേക മഹനീയതയുണ്ട്. അമ്മയും കുഞ്ഞും തമ്മിലുള്ള ആ ബന്ധം ഒരുപാട് ഘടകങ്ങളിലൂടെയാണ് ദൃഢമാകുന്നത്. പുതിയ ലോകത്തേക്ക് പിറന്നു വീഴുന്ന ഒരു കുഞ്ഞിന് കാഴ്ച വ്യക്തമായില്ലെങ്കിൽ പോലും ഗന്ധവും സാമീപ്യവുമൊക്കെ അമ്മയുടേതെന്ന് തിരിച്ചറിയാൻ ഒരു പ്രത്യേക കഴിവുണ്ട്. അത് ഊഷ്മളമായ ആ ബന്ധത്തിന്റെ ഉറപ്പാണ്. ആര്6 ആറ് മാസം പ്രായമുള്ളപ്പോൾ മകൻ തന്നെ അമ്പരപ്പിച്ച കഥ പറയുകയാണ് നർത്തകിയായ ആര്യ ബാലകൃഷ്ണൻ.
ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്;
ഇന്ന് മോന്റെ പിറന്നാളാണ്.. ഇത് കഥയല്ല, ഒരു നർത്തകിയുടെ ചെറിയ അനുഭവം. ഈ കാണുന്ന ഫോട്ടോയിൽ എൻ്റെ മോന് വെറും 6 മാസം പ്രായം – നേർച്ചയായിരുന്നു ഗുരുവായൂർ അമ്പലത്തിൽ നിന്നു തന്നെ വീണ്ടും നൃത്തം ആരംഭി ക്കണ്ണമെന്നുള്ളത്.
അന്ന് ഈ ഫോട്ടോയിൽ കാണുന്ന പോലെ ഒരുങ്ങി കഴിഞ്ഞപ്പോൾ കുഞ്ഞിനെ പയ്യെ എൻ്റെ അടുത്തുന്നു മാറ്റി അച്ഛനമ്മമാർ. അമ്മാതിരി മേയ്ക്കപ്പ് ആണല്ലോ. ഈ കോലത്തില് എന്നെ കണ്ടാൽ കുഞ്ഞു പേടിച്ചു കരയുമെന്നുള്ളത് 100 % ഉറപ്പ്. എനിക്കാണെങ്കിൽ ആകെ വിഷമവും. ഉച്ചക്ക് തുടങ്ങിയതാ ഒരുക്കങ്ങൾ, ഇനി എല്ലാം തീരുമ്പോൾ രാത്രി 8 മണിയാവും. പാല് കൊടുക്കണ്ടേ, അവൻ കുഞ്ഞല്ലേ. എന്റെ അമ്മ ബുദ്ധിപൂർവ്വം പാൽപ്പൊടി ഒക്കെ വാങ്ങി ബാഗിൽ വച്ചിരുന്നു.
മേല്പത്തൂരിൽ സന്തോഷത്തോടെ കളിക്കണമെന്നുണ്ടായിരുന്നു പക്ഷെ അന്ന് കുഞ്ഞിന്റെ കാര്യമോർത്ത് സങ്കടമായിരുന്നു.ഒരു 4 മണിയായപ്പോൾ എൻ്റെ അച്ഛൻ മോനെയും കൊണ്ട് ആ വഴിയൊന്നു ചുറ്റിക്കറങ്ങാൻ വന്നു. കയ്യിൽ അമ്പലപറമ്പിൽ നിന്നും വാങ്ങിയ കളിപ്പാട്ടങ്ങളൊക്കെ ഉണ്ട്. അമ്മയെ കാണിക്കാതെ സമയം തള്ളിനീക്കാനുള്ള അപ്പൂപ്പൻ്റെ സൈക്കിളോടിക്കൽ മൂവ്. ഞാൻ മോനെ പിന്നിൽ നിന്നും കുറച്ചു നേരം നോക്കി നിന്നു .. മുഖമൊന്നു കാണാൻ വല്ലാത്ത കൊതി.. “അമ്മേടെ ഇമ്പൂച്ചു” എന്ന് വിളിച്ചു. അവൻ തിരിയുന്നതിനു മുൻപേ തൂണിനു പിന്നിൽ ഒളിച്ചു നിന്നു കാണാതിരിക്കാൻ . എങ്ങാനും കണ്ടു പേടിച്ചു കരഞ്ഞാൽ പിന്നെ അമ്പലപ്പറമ്പ് മൊത്തത്തിൽ വാങ്ങി കൊടുക്കേണ്ടി വരൂലോ അപ്പൂപ്പൻ .. എൻ്റെ ശബ്ദം കേട്ടതും ഒരേ കുതിപ്പും ചാട്ടവും തുടങ്ങി.. എന്നിട്ട് അപ്പൂപ്പനെ ഉന്തി എങ്ങനെയൊക്കെയോ എൻ്റെ അരികിലേക്കെത്തിച്ചു തോളിൽ C I D മൂസ പോലെ ഇരുന്നിട്ട് .. ഞാൻ എൻ്റെ മുഖം പൊത്തി നിന്നു. ഉള്ളിൽ വല്ലാത്ത നെഞ്ചിടിപ്പുണ്ടായിരുന്നു എങ്ങാനും എന്നെ കണ്ടു കരഞ്ഞാലോ ?പാവം അമ്മയെ തന്നെയല്ലേ വിളിച്ചു കരയുക.. വല്ലാത്തൊരു നിസ്സഹായാവസ്ഥ. മുഖം മറച്ചു നിൽക്കുന്ന എന്നെ കണ്ടതും അവൻ കുളു കുളാ ചിരിക്കാൻ തുടങ്ങി. എന്ത് രസമായിരുന്നെന്നോ കേൾക്കാൻ.. കൈ മാറ്റാതെ കുറച്ചു നേരം കൂടെ ഞാൻ അങ്ങനെ തന്നെ നിന്നു ആ ചിരി കേൾക്കാൻ.
അപ്പോൾ പെട്ടെന്ന് അവൻ ചാടി എൻ്റെ കൈയ്യങ്ങു തട്ടി മാറ്റി. ഞാൻ ഒന്ന് ശരിക്കും ഞെട്ടി കേട്ടോ. കുഞ്ഞു പേടിക്കണ്ടെന്ന് കരുതി അന്നേരം നല്ല പോലെ ഒന്ന് ചിരിച്ചു കൊടുത്തു. അതും കൂടെ ആയപ്പോൾ ഉഷാറായി. ഒന്നാലോചിച്ചു നോക്കിക്കേ.. ഈ രൂപത്തിൽ ഒരു വമ്പൻ ചിരി. ചുറ്റിനും നിന്നവർ വരെ ഒന്ന് പേടിച്ചു. എൻ്റെ അമ്മയാണെങ്കിൽ കയ്യിൽ വല്ലതും ഉണ്ടെങ്കിൽ ഉറപ്പായും അതുവച്ചു എന്നെ തലക്ക് അടിച്ചേനേ ഇമ്മാതിരി പണി ചെയ്തതിന്..പക്ഷെ..
മോൻ എൻ്റെ നെഞ്ചിലൊട്ടു ചാടി വീണു അമ്മാ, അമ്മാ എന്ന് കൂവി വിളിച്ചു.. ഞാനാണേൽ ആ നേരത്ത് അവനെ ഉമ്മ വെക്കാനോ കൊഞ്ചിക്കാനോ സമയം കളയാൻ നിന്നില്ല. കിട്ടിയ ചാൻസിന് വേഗം ഒരു മുക്കിൽ കൊണ്ടുപോയി നല്ല പോലെ പാല് കൊടുത്തു. അവനന്നേരം മടിയിൽ കിടന്നുകൊണ്ട് എൻ്റെ മൂക്കുത്തി ഇളക്കാൻ നോക്കുകയായിരുന്നു. കൂടെ ലിപ്സ്റ്റിക്ക് ഫുൾ തേച്ച് എൻ്റെ മുഖം കുളമാക്കി. എന്നിട്ട് കികികികിന്നു ചിരിയോ ചിരി.. മനസ്സിലാരോ അന്നേരം ഒരു ബക്കറ്റ് ഐസ് കൊണ്ടുവന്നിട്ട തണുപ്പുണ്ടല്ലോ ആ ഒരു ഫീലായിരുന്നു, കണ്ണിൽ പൈപ്പ് തുറന്നിട്ട പോലെ കണ്ണുനീരും..അങ്ങനെ വീണ്ടും റീ മേക്കപ്പ് ചെയ്തു മേല്പത്തൂരിൽ ഭംഗിയായി ഒരു മണിക്കൂർ കളിച്ചു. ഇടയിലെ ഗ്യാപ്പിൽ പീക്കിരി വന്നങ്ങു വിശപ്പു മാറ്റി സ്ഥലം വിടും. ആഗ്രഹിച്ചിരുന്നതിലും ഒരുപാട് ഏറെ സന്തോഷത്തോടെയാ ഞാനന്ന് കളിച്ചത്. അന്നെനിക്ക് മനസിലായ ഒരു കാര്യമുണ്ട്..
‘അമ്മ – അത് വെറും ഒരു രൂപമല്ല – ആയിരുന്നെങ്കിൽ മോൻ അന്ന് എന്നെ തിരിച്ചറിയില്ലായിരുന്നു .. അന്നെൻ്റെ മടിയിൽ കിടക്കുമ്പോൾ ലോകം കയ്യടക്കിയ സന്തോഷമുണ്ടായിരുന്നു ആ കുഞ്ഞി മുഖത്ത് കൂടെ എനിക്കും..“ഞാൻ അമ്മയാണ്” .
ഒട്ടേറെ ആളുകൾ ആര്യയുടെ അനുഭവ കുറിപ്പിന് താഴെ അവർക്കുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുകയാണ് ആര്യയുടെ കുറിപ്പ്.