തോളില്‍ ശവമഞ്ചവുമായി നൃത്തം ചെയ്യുന്ന മനുഷ്യര്‍; സിനിമാക്കഥയല്ല ‘ഡാന്‍സിങ് പോള്‍ബിയറേഴ്‌സി’ന്റെ ജീവിതം

April 25, 2020

തലവാചം വായിച്ച് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. ശവമഞ്ചവും തോളിലേന്തി നൃത്തം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരാണ് നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് ഇവരുടെ നൃത്തം. അതും അതിഗംഭീരമായ നൃത്തച്ചുവടുകള്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇവരുടെ വീഡിയോ സിനിമാരംഗമാണെന്ന് തെറ്റിദ്ധരിച്ചവര്‍ ഏറെയാണ്. പക്ഷെ സിനിമയല്ല ഇത് ഇവരുടെ ജീവിതമാര്‍ഗ്ഗമാണ്. ‘ഡാന്‍സിങ് പോള്‍ബിയറേഴ്‌സ്’ എന്നാണ് ഇവരുടെ പേര്.

മൃതസംസ്‌കാര ചടങ്ങില്‍ ശവപ്പെട്ടി ചുമക്കുന്നവരാണ് പോള്‍ബിയറേഴ്‌സ് എന്ന് അറിയപ്പെടുന്നത്. ചില ഇടങ്ങളില്‍ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയാണ് ശവമഞ്ചം ചുമക്കാറുള്ളത്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേക പ്രൊഫഷന്‍തന്നെയുണ്ട് ഇതിനുവേണ്ടി.

മരണപ്പെട്ടവരുടെ അന്ത്യയാത്ര ആഘോഷമാക്കിയാലോ എന്ന ചിന്തയില്‍ നിന്നുമാണ് ഡാന്‍സിങ് പോള്‍ബിയറേഴ്‌സിന്റെ പിറവി. ഘാനക്കാരനായ ബെഞ്ചമിന്‍ ഐഡൂവിന്റേതായിരുന്നു ഐഡിയ. 2003-2004 കാലഘട്ടങ്ങളില്‍ ശവസംസ്‌കാരം നടത്തുന്ന സംഘത്തിന് നേതൃത്വം നല്‍കിയിരുന്നു ബെഞ്ചമിന്‍ ഐഡൂ. ശവസംസ്‌കാര രംഘത്തും മത്സരം ശക്തമായതോടെയാണ് വേറിട്ട ആശയത്തിലേയ്ക്ക് ബെഞ്ചമിന്‍ പ്രവേശിച്ചത്.

ഡാന്‍സിങ് പോള്‍ബിയറേഴ്‌സ് ഓരോ സംസ്‌കാര ചടങ്ങിനു വേണ്ടിയും പ്രത്യേക ഡാന്‍സുകള്‍ രൂപകല്‍പന ചെയ്യുന്നു. പ്രത്യേകതയുള്ള വസ്ത്രങ്ങളും ഇവരുടെ ആകര്‍ഷണമാണ്. സ്ത്രീകളും പാട്ടുകാരും ബാന്റുസെറ്റുമൊക്കെ അടങ്ങുന്നതാണ് ഡാന്‍സിങ് പോള്‍ബിയറേഴ്‌സ്.