യുഎഇയില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള എമിറേറ്റ്സ് സര്‍വ്വീസുകള്‍ വൈകും
യുഎഇയില്‍ നിന്നുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സുകള്‍ ഇന്ത്യയിലേയ്ക്ക് ഉടന്‍ സര്‍വ്വീസുകള്‍ ആരംഭിക്കില്ല. കഴിഞ്ഞ ദിവസം ഏപ്രില്‍ ആറ് മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്ന രാജങ്ങളുടെ ലിസ്റ്റ് എമിറേറ്റ്സ് പുറത്തുവിട്ടിരുന്നു. ഈ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം കൊവിഡ് 19 വ്യാപനം തടയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുകയാണ്. അതിനാലാണ് ഇന്ത്യന്‍ അധികൃതരില്‍ നിന്നും എമിറേറ്റ്സ് എയര്‍ലൈന്‍സിന് ഇന്ത്യയിലേയ്ക്കുള്ള സര്‍വ്വീസ് പുനഃരാരംഭിയ്ക്കാന്‍ അനുമതി ലഭിക്കാത്തത്.
ദുബായില്‍ നിന്ന് ലണ്ടന്‍, പാരിസ്, ബ്രസ്സല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേയ്ക്കാണ് എമിറേറ്റ്സ് ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് പുനഃരാരംഭിയ്ക്കുക. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലും എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം എമിറേറ്റ്സ് എയര്‍ലൈന്‍സ് ദുബായിക്കു പുറത്തേയ്ക്ക് യാത്രക്കാരെ കൊണ്ടുപോകുമെങ്കിലും തിരിച്ചു വരുന്ന വിമാനങ്ങളില്‍ യാത്രക്കാര്‍ ഉണ്ടാവില്ല. ഓരോ തവണയും തിരിച്ചെത്തുമ്പോള്‍ വിമാനങ്ങള്‍ അണുവിമുക്തമാക്കുമെന്നും അധികൃതര്‍ വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കുന്നു. ഇതിനുപുറമെ സമ്പര്‍ക്കം ഒഴിവാക്കാന്‍ വിമാനങ്ങളില്‍ നിന്നും മാഗസീനുകളും മറ്റും ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക സജ്ജീകരണങ്ങളോടെയായിരിക്കും ഭക്ഷണം വിതരണം ചെയ്യുന്നതും.