എറണാകുളം ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ഇളവുകള്‍

April 28, 2020

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു. ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഉത്തരവുകള്‍ അടിസ്ഥാനമാക്കിയുള്ള ഇളവുകള്‍ ഉണ്ടായിരിക്കും. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ആണ് ഇക്കാര്യം അറിയിച്ചത്. വ്യാപര സ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം തുടരും.

ഇളവുകളുടെ അടിസ്ഥാനത്തില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കുറവുള്ളതും എയര്‍ കണ്ടീഷന്‍ ചെയ്യാത്തതും പത്ത് ജീവനക്കാരില്‍ താഴെയുള്ളതുമായ വ്യാപര സ്ഥാപനങ്ങള്‍ എറണാകുളം ജില്ലയില്‍ തുറന്ന് പ്രവര്‍ത്തിക്കാം. അമ്പത് ശതമാനം ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുവേണം സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ എന്നും നിര്‍ദ്ദേശമുണ്ട്.

വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും കടയിലെത്തുന്ന ഉപഭോക്താക്കളും തമ്മില്‍ സാമൂഹിക അകലം ഉറപ്പാക്കേണ്ടതുണ്ട്. മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം. കൈകള്‍ ശുചിയാക്കുന്നതിനു വേണ്ടിയുള്ള സാനിറ്റൈസറും സ്ഥാപനങ്ങളില്‍ ഉണ്ടായിരിക്കണം. വ്യാപര സ്ഥാപനത്തിന്റെ ഉടമയ്ക്കാണ് ഇതിന്റെ ചുമതല.

അതേസമയം നഗരസഭാ പരിധിയ്ക്ക് അകത്തും പുറത്തും മാളുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഇതിനു പുറമെ ജ്വല്ലറികളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതിനും ഇളവുകള്‍ ബാധകമല്ല.