നാല് ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യത; ആവശ്യമായ മുൻ കരുതൽ സ്വീകരിക്കണം
April 4, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനം കനത്ത ചൂടിൽ ചുട്ട് പൊള്ളുകയാണ്. സംസ്ഥാനത്ത് നാല് ജില്ലകളിൽ താപതരംഗത്തിന് സാധ്യതയുള്ളതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തൃശൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് താപതരംഗത്തിന് സാധ്യത. കനത്ത ചൂടിന് സാധ്യതയുള്ളതിനാൽ വെയിലുള്ള സമയം പുറത്തിറങ്ങരുതെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്.
മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരാനാണ് സാധ്യത. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.