സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരും

May 15, 2022
rain alert

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം ജില്ലയിലും ഓറഞ്ച് അലേർട്ട് ആണ്.

24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. നാളെ വരെ കേരള‍തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനം നിരോധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മലയോരമേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദേശം ഉണ്ട്. 24 മണിക്കൂറും പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിക്കും. അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിര്‍ദേശമുണ്ട്.

Read also:66 ദിവസം വീട്ടിൽ ഒറ്റയ്ക്ക് കുടുങ്ങി; സ്വയം പാചകം ചെയ്യാനും വളർത്തുമൃഗങ്ങളെ പരിപാലിക്കാനും പഠിച്ച് പതിമൂന്നുകാരൻ

തെക്കൻ ആൻഡാമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും കാലവർഷം ഇന്ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Story highlights: Rain updates Kerala