66 ദിവസം വീട്ടിൽ ഒറ്റയ്ക്ക് കുടുങ്ങി; സ്വയം പാചകം ചെയ്യാനും വളർത്തുമൃഗങ്ങളെ പരിപാലിക്കാനും പഠിച്ച് പതിമൂന്നുകാരൻ

May 11, 2022

ലോകമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് എല്ലാവരും തനിയെ കഴിയുന്നതും ഒറ്റയ്ക്ക് അതിജീവിക്കുന്നതുമൊക്കെ ശീലമാക്കിയത്. മുതിർന്നവരെ സംബന്ധിച്ച് ഇതൊരു അത്ഭുതമല്ലെങ്കിലും ഒരു കുട്ടിയെ സംബന്ധിച്ച് ഒറ്റക്ക് ജീവിക്കുക എന്നത് വെല്ലുവിളിയാണ്. എന്നാൽ ഈ വെല്ലുവിളിയെ അതിജീവിച്ച ഒരു പതിമൂന്നുകാരനാണ് ഇപ്പോൾ താരം.

ഷാങ്ഹായിൽ ലോക്ക്ഡൗണിൽ കുടുങ്ങിയതിന് ശേഷം 66 ദിവസമായി വീട്ടിൽ തനിച്ചായിപ്പോയി ഒരു ആൺകുട്ടി. എന്നാൽ മാതാപിതാക്കളെ അത്ഭുതപ്പെടുത്തി സ്വയം ചെയ്ത് അതിജീവിച്ചിരിക്കുകയാണ് ഈ പതിമൂന്നുകാരൻ.

കുട്ടിയുടെ പിതാവിന്റെ ചികിത്സയ്ക്കായി ഫെബ്രുവരി 28ന് മാതാപിതാക്കൾ ഷാങ്ഹായിലേക്ക് പോയിരുന്നു. ഏപ്രിൽ അവസാനത്തോടെ മാത്രമേ ജിയാങ്‌സു പ്രവിശ്യയിലെ കുൻഷാനിലുള്ള അവരുടെ വീട്ടിലേക്ക് മടങ്ങാൻ അവർക്ക് സാധിച്ചുള്ളൂ. ഈ രണ്ടുമാസവും വീട്ടിൽ ഒറ്റയ്ക്കായ കുട്ടി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും വളർത്തു പൂച്ചയെയും നായയെയും പരിപാലിച്ചും തനിയെ ജീവിച്ചു.ഷു എന്ന് പേരുള്ള കുട്ടി കുടുംബാംഗങ്ങൾ തിരികെയെത്തിയപ്പോൾ ആരോഗ്യത്തോടെയിരിക്കുന്നതാണ് കണ്ടത്.

മാർച്ചിൽ മകന് ഓൺലൈനായി ഭക്ഷണം എത്തിക്കാൻ അമ്മയ്‌ക്ക് സാധിച്ചിരുന്നു. എന്നാൽ ഏപ്രിലിൽ നഗരം ലോക്ക്ഡൗണിന് വിധേയമാക്കിയതോടെ ഓൺലൈൻ സേവനം ആഴ്ചകളോളം നിർത്തിവച്ചു. അതോടെ മകനെ ഓർത്ത് അമ്മയ്ക്ക് വേവലാതിയായി. എന്നാൽ താൻ പാചകം ചെയ്തു ഭക്ഷണം കഴിച്ചോളാം എന്ന് കുട്ടി പറയുകയായിരുന്നു.

Read Also: ആർആർആറിന് ശേഷം രാജമൗലിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു; നായകൻ മഹേഷ് ബാബു

എന്തായാലും കുട്ടി തനിയെ പാചകം ചെയ്യുന്നതിനൊപ്പം പൂച്ചയുടെ പാത്രങ്ങൾ വൃത്തിയാക്കുകയും നായയെ നടക്കാൻ കൊണ്ടുപോകുകയും രണ്ട് മൃഗങ്ങളെയും കുളിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്തായാലും വീട് വൃത്തിയാക്കുന്നതിൽ മാത്രം കുട്ടിക്ക് വീഴ്ച പറ്റി. അതിൽ ദുഖമില്ലെന്നും സ്വയം അതിജീവിക്കാൻ മകന് സാധിച്ചല്ലോ എന്നുമാണ് മാതാപിതാക്കൾ പറഞ്ഞത്.

Story highlights-  boy stuck at home alone for 66 days