50 കൊല്ലം വരെ ചാർജ് ചെയ്യാതെ ഉപയോഗിക്കാവുന്ന ബാറ്ററി; കണ്ടുപിടുത്തവുമായി ചൈന!

January 18, 2024

ഓരോ മണിക്കൂറിലും ഫോൺ ചാർജ് ചെയ്ത് മടുത്തോ? എന്നാൽ 50 വർഷം വരെ ചാർജ് ചെയ്യാതെ ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററി ഇനി മുതൽ ലഭ്യമാകും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. പക്ഷെ സംഗതി സത്യമാണ്. ചാർജിങ്ങോ മറ്റ് പരിപാലനമോ ആവശ്യമില്ലാതെ ഏകദേശം 50 വർഷത്തോളം ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ് ബീജിങ്ങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെറ്റാവോൾട്ട് എന്ന കമ്പനി. (China develops battery that last up to 50 years without charging)

ബാറ്ററി ഇതിനകം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഫോണുകളും ഡ്രോണുകളും പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഇത് വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടും. എയ്‌റോസ്‌പേസ്, എഐ ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, മൈക്രോപ്രൊസസറുകൾ, നൂതന സെൻസറുകൾ, ചെറിയ ഡ്രോണുകൾ, മൈക്രോ റോബോട്ടുകൾ എന്നിങ്ങനെ ഒന്നിലധികം സാഹചര്യങ്ങളിൽ ദീർഘകാല വൈദ്യുതി വിതരണത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ബീറ്റവോൾട്ട് ആറ്റോമിക് എനർജി ബാറ്ററികൾക്ക് കഴിയുമെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

Read also: ‘ഇനി നിങ്ങൾ പറയും, ടോയ്‌ലറ്റ് കേൾക്കും’; 1.77 ലക്ഷം രൂപയുടെ സ്മാർട്ട് ടോയ്‌ലറ്റ് സീറ്റ് വിപണിയിൽ!

ഈ പുതിയ കണ്ടുപിടിത്തം AI സാങ്കേതിക വിപ്ലവത്തിന്റെ മുൻനിരയിൽ എത്താൻ ചൈനയെ സഹായിക്കും. ന്യൂക്ലിയർ എനർജി ബാറ്ററി ഉപയോഗിക്കുന്നത് അപകടകരമായി തോന്നിയേക്കാം. എന്നാൽ ബാറ്ററി തികച്ചും സുരക്ഷിതമാണ് എന്നും ആശുപത്രികളിലും പേസ് മേക്കറുകളിലും കൃത്രിമ ഹൃദയങ്ങളിലും വരെ ഇത് ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

നയങ്ങൾ അനുവദിക്കുകയാണെങ്കിൽ, ആറ്റോമിക് എനർജി ബാറ്ററികൾ ഉപയോഗിച്ച് തുടങ്ങിയാൽ മൊബൈൽ ഫോണുകൾ പിന്നീട് ചാർജ് ചെയ്യേണ്ടി വരില്ല. കൂടാതെ, 15 മിനിറ്റ് മാത്രം പറക്കാൻ കഴിയുന്ന ഡ്രോണുകൾക്ക് തുടർച്ചയായി പറക്കാനും ഇത് മൂലം കഴിയും.

Story highlights: China develops battery that last up to 50 years without charging