മഞ്ഞിൽ തീർത്ത കെട്ടിടങ്ങളും ശില്പങ്ങളും; ഇത് ഗിന്നസ് റെക്കോഡ് ഭേദിച്ച മഞ്ഞുകൂടാരം!

January 9, 2024

ലോകത്തിലെ ഏറ്റവും വലിയ താത്കാലിക ഐസ് ആൻഡ് സ്നോ തീം പാർക്ക് എന്ന വിശേഷണം സ്വന്തമാക്കി ചൈനയിലെ ‘ഹാർബിൻ ഐസ്-സ്നോ വേൾഡ്’ അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം പിടിച്ചു. ഹീലോംഗ്ജിയാങ്ങിലെ ഹാർബിനിൽ നടക്കുന്ന ഈ വാർഷിക പരിപാടി 1999-ൽ ആരംഭിച്ച കാലം മുതൽ മഞ്ഞിൽ പുതച്ച വിസ്മയങ്ങളാൽ ആളുകളെ ആകർഷിക്കുന്നതാണ്. (Harbin Ice-Snow World sets foot in Guinness World Record)

പാർക്കിന്റെ ഏറ്റവും പുതിയ പതിപ്പിനാണ് ഗിന്നസ് വേൾഡ് റെക്കോഡിൽ നിന്ന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. മറ്റ് താത്കാലിക തീം പാർക്കുകളുടെ ഇടയിൽ 8,790,697.3 ചതുരശ്ര അടി വിസ്തീർണ്ണനത്തിൽ പരന്നു കിടക്കുന്ന ഹാർബിൻ സ്നോ വേൾഡ് വേറിട്ട കാഴ്ച തന്നെയാണ്.

സന്ദർശകരുടെ ഭാവനയെ പിടിച്ചിരുത്തുന്ന ശ്രദ്ധാപൂർവം നിർമ്മിച്ച 2,000-ത്തിലധികം ഐസ്, ഹിമ ശിൽപങ്ങൾ ഈ മഞ്ഞുമൂടിയ വണ്ടർലാൻഡിൽ കാണാം. പതിനായിരത്തിലധികം ശിൽപിമാരുടെ ഒരു വലിയ സംഘം ഒരു മാസത്തിലേറെ കഠിനാധ്വാനം ചെയ്താണ് ഈ മഞ്ജു കൊട്ടാരം രൂപകല്പ്പന ചെയ്തത്.

Read also: ‘ഒരു വർഷം, 777 ചിത്രങ്ങൾ’; സിനിമ കണ്ട് ഗിന്നസിൽ കയറിക്കൂടിയ യുവാവ്!

ഗിന്നസ് വേൾഡ് റെക്കോർഡ് അതിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നതിങ്ങനെ, “ഏറ്റവും വലിയ താൽകാലിക ഐസ് ആൻഡ് സ്നോ തീം പാർക്ക് 816,682.50 ചതുരശ്ര മീറ്ററാണ്. 2023 ഡിസംബർ 31 ന് ചൈനയിലെ ഹാർബിൻ ഐസ്-സ്നോ വേൾഡ് ഈ പദവി നേടിയെടുത്തു. 10,000-ത്തിലധികം ആളുകൾ ഏകദേശം ഒരു മാസമെടുത്താണ് ഐസ്, സ്നോ ശിൽപങ്ങളും മറ്റ് സൗകര്യങ്ങളും പൂർത്തിയാക്കിയത്.

വടക്കുകിഴക്കൻ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാർബിൻ 5 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒരു തിരക്കേറിയ പട്ടണമാണ്. സമ്പന്നമായ ചരിത്രവും സംസ്കാരവുമുള്ള ആകർഷകമായ ഈ സ്ഥലം ചൈനീസ്, റഷ്യൻ സ്വാധീനങ്ങളുടെ അതുല്യമായ കൂടിച്ചേരലിനും പേരുകേട്ടതാണ്.

Story highlights: Harbin Ice-Snow World sets foot in Guinness World Record