‘ഒരു വർഷം, 777 ചിത്രങ്ങൾ’; സിനിമ കണ്ട് ഗിന്നസിൽ കയറിക്കൂടിയ യുവാവ്!

January 9, 2024

ഒരു വർഷത്തിനുള്ളിൽ 777 സിനിമാ പ്രദർശനങ്ങളിൽ പങ്കെടുത്ത് ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് സാക്ക് സ്വോപ്പ് എന്ന അമേരിക്കക്കാരൻ. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം, 2022 ജൂലൈ മുതൽ 2023 ജൂലൈ വരെയുള്ള കാലയളവിൽ 777 പ്രദർശനങ്ങളിൽ പങ്കെടുത്ത് ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ സിനിമകൾ കണ്ടയാൾ എന്ന റെക്കോഡാണ് സാക്ക് സ്വന്തമാക്കിയിരിക്കുന്നത്. (Man hits Guinness Records for watching 777 films in a year )

2018 മുതൽ ഫ്രഞ്ചുകാരനായ വിൻസെന്റ് ക്രോൺ സ്ഥാപിച്ച 715 എന്ന മുൻ റെക്കോർഡിനെ മറികടന്നാണ് സാക്കിന്റെ നേട്ടം. താൻ ഒരു വലിയ സിനിമ പ്രേമിയാണെന്നും ഓരോ വർഷവും ശരാശരി 100 മുതൽ 150 സിനിമകൾ വരെ താൻ കാണാറുണ്ടെന്നും സാക്ക് പറയുന്നു. അസാധാരണമായ ഈ സിനിമ യാത്ര “മിനിയൻസ്: റൈസ് ഓഫ് ഗ്രു” എന്ന ചിത്രത്തിൽ ആരംഭിച്ച് “ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി”-യിൽ അവസാനിച്ചു.

Read also: പാടിയത് 140 ഭാഷകളിൽ; ഗിന്നസിന്റെ പടവുകൾ കയറി മലയാളി പെൺകുട്ടി!

റെക്കോഡ് നേടാനായി എല്ലാ സിനിമകളും പൂർണ്ണമായും കാണണമെന്നും ചിത്രം കാണുന്ന സമയത്ത് മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നുന്നമാണ് നിയമം. അതായത് സിനിമക്കിടയിൽ സാക്കിന് ഉറങ്ങാനോ ഫോൺ നോക്കാനോ കഴിയില്ല.

സിനിമകൾ ആസ്വദിച്ച് കാണുന്നതിനിടയിൽ ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും കർശനമായി നിരോധിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ പ്രദർശന സമയത്തും സിനിമാ പ്രവർത്തകർ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു.

ഒരു മുഴുവൻ സമയ ജോലി ചെയ്യുന്നതിനിടയിലാണ് സാക്ക് ഈ വെല്ലുവിളി ഏറ്റെടുത്തത്. എല്ലാ പ്രവൃത്തിദിവസവും രാവിലെ 6:45 മുതൽ ഉച്ചയ്ക്ക് 2:45 വരെ അദ്ദേഹം ജോലി ചെയ്യും. അതിനുശേഷം ദിവസം മൂന്ന് സിനിമകൾ വരെ കണ്ടു തീർക്കുന്നതിനായി തീയറ്റർ സന്ദർശിക്കും. വാരാന്ത്യമായാൽ കണ്ട് തീർക്കുന്ന ചിത്രങ്ങളുടെ എണ്ണവും കൂടും.

Story highlights: Man hits Guinness Records for watching 777 films in a year