കൊവിഡ് പ്രതിരോധത്തില്‍ കേരളാ മോഡലിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമം
കൊവിഡ് 19 എന്ന മഹാമാരിയ്ക്കെതിരെ ശക്തമായി പോരാടുകയാണ് ലോകം. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. ലോകത്ത് ഒരു ലക്ഷത്തില്‍ അധികം പേര് ഈ മഹാമാരി മൂലം മരണപ്പെട്ടു.
കേരളവും ശക്തമായി പോരാടുകയാണ് കൊവിഡ് 19 നെതിരെ. കൊറോണ വൈറസിനെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും രോഗവ്യാപനത്തിന് തടയിടാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരിക്കുകയാണ് രാജ്യാന്തര മാധ്യമമായ വാഷിങ്ടന്‍ പോസ്റ്റ്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിലയിരുത്തിക്കൊണ്ടാണ് വാഷിങ്ടന്‍ പോസ്റ്റ് കേരളാ മോഡല്‍ പ്രതിരോധത്തിന് അഭിനന്ദനമറിയിച്ചത്.
കൊവിഡ് സംശയമുള്ളവരെ നിരീക്ഷണത്തിലാക്കല്‍, റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയാറാക്കല്‍, ശക്തമായ പരിശോധനകള്‍, ഉന്നത നിലവാരത്തിലുള്ള ചികിത്സകള്‍ എന്നിവയെല്ലാം സംസ്ഥാനത്ത് സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഈ നടപടികളെല്ലാം മികച്ച പൊതുജനാരോഗ്യമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിക്കുന്നു എന്നാണ് വാഷ്ങ്ടന്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. എന്നാല്‍ പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗ വിമുക്തി നേടാനും കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.