24 മണിക്കൂറിനുള്ളില്‍ 66 മരണം; രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 33000 കടന്നു
പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല ഇന്ത്യയില്‍ കൊറോണ വൈറസ്. രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 33,000 കടന്നു. 33,050 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 66 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.
ഇന്ത്യയില്‍ ഇതുവരെ 1074 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രമായി 1718 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ 23,651 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 8324 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മോചിതരായിട്ടുണ്ട്.
മഹാരാഷ്ട്ര സംസ്ഥാനത്താണ് ഏറ്റവും അധികം കൊവിഡ് രോഗ ബാധിതര്‍ ഉള്ളത്. 9915 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 432 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4000-ല്‍ അധികം ആളുകള്‍ക്ക് ഗുജറാത്തിലും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 197 മരണങ്ങളും അവിടെ റിപ്പോര്‍ട്ട് ചെയ്തു.
മധ്യപ്രദേശില്‍ 2500-ല്‍ അധികം ആളുകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 3439 ആണ്. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലും രണ്ടായിരത്തില്‍ അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.