ഇനി ടാപ്പിൽ തൊടേണ്ട..! ഇൻഫെക്ഷൻ ഫ്രീ ടാപ്പുമായി യുവാവ്
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ. ഇടയ്ക്കിടെ കൈകൾ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്. എന്നാൽ പൊതു ഇടങ്ങളിലെ ടാപ്പുകൾ ഉപയോഗിക്കുമ്പോൾ ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്. പലരും സ്പർശിക്കുന്നതായതിനാൽ പലപ്പോഴും ടാപ്പുകളിൽ അണുക്കൾ ഇരിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധനേടുകയാണ് ഇൻഫെക്ഷൻ ഫ്രീ ടാപ്പ്. പൈപ്പില്‍ തൊടാതെ തന്നെ കൈകള്‍ കഴുകാന്‍ സാധിക്കുന്ന ‘ ഇന്ഫെക്ഷന് ഫ്രീ ടാപ്പിന് പിന്നിൽ ലഡാക്ക് സ്വദേശിയായ തംചോസ് ഗുമ്മറ്റ് എന്ന 35 കാരനാണ്.
പൈപ്പിന്റെ താഴെയായി രണ്ടു ഫൂട്ട് പ്രസ്സുകള്‍ നിർമ്മിച്ചിട്ടുണ്ട്. അതില്‍ ഒന്നില്‍ ചവിട്ടിയാല്‍ കൈ കഴുകാനുള്ള ലിക്വിഡ് ലഭ്യമാകും. രണ്ടാമത്തേതിൽ നിന്നും വെള്ളവും ലഭിക്കും. ടാപ്പിൽ കൈകൊണ്ട് തൊടേണ്ട എന്നതിന് പുറമെ വെള്ളം പാഴാകാതിരിക്കാനും ഇത് സഹായിക്കും. 20 സെക്കന്റ് കൈകള്‍ കഴുകുമ്പോള്‍ സാധാരണ പാഴാകുന്ന വെള്ളത്തിന്റെ 80% ഈ പൈപ്പിലൂടെ ലാഭിക്കാം എന്നാണ് തംചോസ് അഭിപ്രായപ്പടുന്നത്.