കൊവിഡ് കാലത്തും സുരക്ഷിതരായി ചിത്രീകരണം തുടർന്ന് ജിബൂട്ടി
കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സിനിമ ചിത്രീകരണം ഉൾപ്പെടെ നിർത്തിവച്ചിരുന്നു. അതേസമയം കൊവിഡ് കാലത്ത് ചിത്രീകരണം മുടങ്ങാത്ത ഒരേയൊരു സിനിമയാണ് ജിബൂട്ടി. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ പേരും ജിബൂട്ടി എന്നാണ്. സിനിമ ചിത്രീകരിക്കുന്നത് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയായതിനാല്‍ നിയന്ത്രണം സിനിമ ചിത്രീകരണത്തെ ബാധിച്ചിട്ടില്ല. ജിബൂട്ടിയിൽ തജൂറ എന്ന സ്ഥലത്താണ് ചിത്രീകരണം. മാര്‍ച്ച് 5ന് തുടങ്ങിയ ചിത്രീകരണം ഏപ്രില്‍ 19 വരെ തുടരും.
നവാഗതനായ എസ് ജെ സിനുവിന്റെ ആദ്യ ചലച്ചിത്രസംരംഭമാണ് ഇത്. നൈയില്‍ ആന്‍ഡ് ബ്ലു ഹില്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ സ്വീറ്റി മരിയ ജോബിയാണ് ചിത്രത്തിന്റെ നിര്‍മാണം. ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതാണ് സിനിമ എന്നാണ് സൂചന. ചിത്രത്തിന്റെ ലോഞ്ചിനായി രാജ്യത്തെ നാല് മന്ത്രിമാര്‍ കൊച്ചിയില്‍ എത്തിയിരുന്നു.
അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍ ജസ്വാള്, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കേരളത്തിലും ആഫ്രിക്കയിലെ ജിബൂട്ടിയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം.