കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുന്ന ക്ലിനിക്കൊരുക്കി അധികൃതർ

ട്രെയിൻ കോച്ചുകളും ബോട്ടുകളുമടക്കം ഇപ്പോൾ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മാർഗങ്ങളായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പനി ബാധിച്ചവരെ പരിശോധിക്കാനുള്ള ക്ലിനിക്കാക്കി മാറ്റിയിരിക്കുകയാണ് കെഎസ്ആർടിസി ബസ്. ഡോക്ടറും നഴ്സും പരിശോധനാ ഉപകരണങ്ങളുമുള്‍പ്പെടെ സജ്ജീകരിച്ച ബസ് ഇപ്പോൾ മൈസൂരുവിലെ ഗ്രാമപ്രദേശങ്ങളിലൂടെ ഓടിത്തുടങ്ങി.
ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് രോഗപരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ബസുകളിൽ ഗ്രാമങ്ങളിലെത്തുന്ന ഡോക്ടർമാർ ബസിൽ ഒരുക്കിയിരിക്കുന്ന ക്ലിനിക്കിൽ പനി, ജലദോഷം, ചുമ തുടങ്ങിയവയുള്ളവരെ പരിശോധിക്കും. കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നവരെ ആശുപത്രിയിലെത്തിച്ച് തുടര്‍പരിശോധനക്ക് വിധേയമാക്കും.
പഴയ കെഎസ്ആര്‍ടിസി ബസാണ് ക്ലിനിക്കാക്കി മാറ്റിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരെ അണുവിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് ഒരു കെഎസ്ആര്‍ടിസി ബസ് നേരത്തെ സാനിറ്റൈസറാക്കി മാറ്റിയിരുന്നു.