സംസ്ഥാനത്ത് ഇന്നു മുതല്‍ മാസ്ക് നിര്‍ബന്ധം; ഇല്ലെങ്കില്‍ പിഴ
April 30, 2020
കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ ഇന്നു മുതല്‍ മാസ്ക് നിര്‍ബന്ധമാക്കി. പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്. നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനാണ് തീരുമാനം.
മാസ്ക് ധരിക്കാത്തവരില്‍ നിന്നും 200 രൂപയായിരിക്കും ആദ്യഘട്ടത്തില്‍ പിഴയായി ഈടാക്കുക. എന്നാല്‍ കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വീടുകളില്‍ നിര്‍മിച്ച തുണികൊണ്ടുള്ള മുഖാവരണം, തോര്‍ത്ത്, തുവാല എന്നിവയും ഉപയോഗിക്കാം.
അതേസമയം പിഴ അടച്ചില്ലെങ്കില്‍ കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരം കേസ് എടുക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.