ലോക്ക് ഡൗൺ കഴിയുമ്പോൾ ഇതായിരിക്കും അവസ്ഥ; ചിരിപ്പിച്ച് വീഡിയോ
ലോക്ക് ഡൗണിൽ വീട്ടിൽ തന്നെ കഴിഞ്ഞുകൂടിയവർക്ക് ലോക്ക് ഡൗണിന് ശേഷം ഓഫീസിലേക്ക് തിരികെ പോകേണ്ടിവരുമ്പോൾ എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ചിട്ടുണ്ടോ..? എങ്കിലിതാ ലോക്ക് ഡൗണിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് പറയുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇടംനേടുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യങ്ങളായ ദിവ്യ- രാജ് ദമ്പതികളാണ് ഈ വീഡിയോയ്ക്ക് പിന്നിൽ.
ലോക്ക് ഡൗൺ ദിവസങ്ങളിൽ താമസിച്ച് എഴുന്നേറ്റും, ഭാര്യയെ ജോലിയിൽ സഹായിച്ചുമൊക്കെയാണ് പലരും കഴിയുന്നത്. ഇത്തരത്തിൽ ഒരു ഭർത്താവ് ലോക്ക് ഡൗണിന് ശേഷം ഓഫീസിലേക്ക് പോകേണ്ടിവരുന്ന സാഹചര്യമാണ് വീഡിയോയിൽ കാണിക്കുന്നത്.
ജോലിക്ക് പോകാൻ മടികാണിക്കുന്ന ഭർത്താവ്, ഭാര്യയുടെ നിർബന്ധപ്രകാരം ജോലിക്ക് പോകാൻ ഒരുങ്ങുമ്പോൾ ഡ്രസ്സ് ഒന്നും പാകമാകാതെ വരുന്നു. ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ ഓഫീസിലേക്ക് പോകാൻ തുടങ്ങുമ്പോഴും ആവശ്യമായ ഭക്ഷണം കൈയിൽ കരുതുന്നുണ്ട്. അങ്ങനെ അവസാനം ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ഭർത്താവിന് ഒരു സംശയം തന്റെ ഓഫീസ് എവിടെയായിരുന്നു..??