വീട്ടില്‍ സൗകര്യങ്ങള്‍ കുറവ്; തോണിയുമായി പുഴയില്‍ അപ്പൂപ്പന്റെ സെല്‍ഫ് ക്വാറന്റീന്
കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ ഒറ്റക്കെട്ടായി നിന്ന് പ്രയത്നിക്കുകയാണ് രാജ്യം. സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം. അതുകൊണ്ടുതന്നെയാണ് രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. ഏപ്രില്‍ 14 വരെയാണ് ലോക്ക് ഡൗണ്‍.
രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവരും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ കേന്ദ്രം ആവശ്യപ്പെടുമ്പോള്‍ ചിലരൊക്കെ അതിന് വിസമ്മതം അറിയിക്കാറുണ്ട്. എന്നാല്‍ ചിലരാകട്ടെ സമൂഹിക അകലം പാലിച്ചുകൊണ്ട് സ്വയമേ ക്വാറന്റീനില്‍ കഴിയുന്നു. ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറയുന്നതും കൊവിഡ് കാലത്തെ ഒരു ക്വറന്റീന്‍ കാഴ്ചയാണ്.
ബംഗാളില്‍ നിന്നുള്ളതാണ് ഈ കാഴ്ച. ഒരു അപ്പൂപ്പനാണ് സെല്‍ഫ് ക്വാറന്റീനില്‍ പ്രവേശിച്ചത്. ബന്ധുവീട്ടില്‍ പോയി വന്ന ഇദ്ദേഹത്തിന് ചെറിയ പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ക്വാറന്റീനില്‍ പോകണമെന്ന് ഡോക്ടര്‍ ഇദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. ബംഗാളിലെ മാല്‍ഡ ജില്ലയിലെ ഹബിബ്പുര്‍ സ്വദേശിയാണ് ഈ അപ്പൂപ്പന്. നിരഞ്ജന് ഹാല്‍ദാര്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്.
ഡോക്ടറുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായും അനുസരിക്കാന്‍ തയാറാവുകയായിരുന്നു ഇദ്ദേഹം. വീട്ടില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ ഒരു തോണിയുമായി തൊട്ടടുത്തുള്ള പുഴയിലേയ്ക്കാണ് ഇദ്ദേഹം പോയത്. പുഴയോരത്തെ തോണിയില്‍ ക്വാറന്റീനില്‍ കഴിയാന്‍ ഇദ്ദേഹം തയാറായി. വീട്ടിലുള്ളവര്‍ ഇദ്ദേഹത്തിന് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്കി. അതേസമയം മാധ്യമങ്ങളിലൂടെ അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞ അധികൃതര്‍ സുരക്ഷിതമായ ഇടത്ത് അപ്പൂപ്പനെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാന്‍ മനസ്സറിയിക്കുകയും ചെയ്തു.