‘എല്ലാവരുമുണ്ട്..ഞങ്ങൾ എല്ലാവരുമുണ്ട്. ശരീരം കൊണ്ട് അകലങ്ങളിൽ ആണെങ്കിലും മനസുകൊണ്ട് അടുത്താണ്’- പ്രവാസികൾക്ക് ആശ്വാസമേകി മോഹൻലാൽ
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുകയാണ് മലയാളികൾ. തിരികെ വരാൻ സാധിക്കാതെ വളരെയധികം ആശങ്കയിലാണ് പ്രവാസികൾ കഴിയുന്നത്. മാത്രമല്ല, വിദേശത്തുള്ള പ്രവാസി മലയാളികൾക്ക് അസുഖം ബാധിക്കുന്നത് മറ്റുള്ളവരെ കൂടുതൽ ഭീതിയിലേക്ക് തള്ളിവിടുകയാണ്. ഇപ്പോൾ നടൻ മോഹൻലാൽ പ്രവാസികൾക്ക് കരുത്ത് പകരുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ്.
ഒരു മഹാമാരിയിൽ നിന്നും മോചിതരാകാൻ വേണ്ടി എല്ലായിടത്തുമുള്ള മനുഷ്യർ പൊരുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് കാണാൻ പോലും കഴിയാത്ത ശത്രുവിന് എതിരെ കൈകഴുകിയും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും, വീട്ടിൽ നിന്നും പുറത്തിറങ്ങാതെയുമുള്ള പോരാട്ടം..ഇതല്ലാതെ നമുക്ക് വേറെ മാർഗങ്ങൾ ഇല്ല’, മോഹൻലാൽ പറയുന്നു.
പ്രവാസി മലയാളികൾക്കായാണ് മോഹൻലാൽ കരുതലോടെ ബോധവല്കരണം നടത്തുന്നത്. ‘എനിക്കറിയാം, നിങ്ങളനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ..ജോലിയെക്കുറിച്ചും നാട്ടിലുള്ള കുടുംബത്തെകുറിച്ചുമൊക്കെ ഓർത്ത് നിങ്ങൾ വല്ലാതെ വീർപ്പുമുട്ടുന്നുണ്ട്. പക്ഷെ ഈ സമയത്ത് അങ്ങനെയൊരു ഉത്കണ്ഠ നിങ്ങളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുകയെ ഉള്ളു. കൂടെ ആരുമില്ല എന്ന തോന്നൽ മനസ്സിൽ നിന്നും എടുത്തു മാറ്റൂ..എല്ലാവരുമുണ്ട്..ഞങ്ങൾ എല്ലാവരുമുണ്ട്. ശരീരം കൊണ്ട് അകലങ്ങളിൽ ആണെങ്കിലും മനസുകൊണ്ട് അടുത്താണ്. ഈ കാലവും പോകും..ഇതും നമ്മൾ അതിജീവിക്കും.. ഉള്ളിൽ മുളപൊട്ടുന്ന അശുഭ ചിന്തകളെ പുറത്തേക്ക് പറിച്ചെറിയുക..’.
കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രവാസികളുടെ കാര്യത്തിലാണ് എല്ലാവരും കൂടുതൽ ആശങ്കയിലായിരിക്കുന്നത്. എന്തായാലും ലോക്ക് ഡൗൺ അവസാനിക്കുന്നതോടെ മറ്റു രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് തിരിച്ചെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.