ചിരിയും ചിന്തയുമായി മോഹന്‍ലാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍
കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ കയ്യും മെയ്യും മറന്ന് പ്രയത്നിക്കുകയാണ് കേരളം. ഈ പ്രതിരോധപ്രവര്‍ത്തനത്തില്‍ എടുത്തുപറയേണ്ടത് ആരോഗ്യപ്രവര്‍ത്തകരെ കുറിച്ചാണ്. സ്വന്തം ജീവന് പോലും പണയപ്പെടുത്തിയാണ് ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത്. വിശ്രമമില്ലാതെയാണ് പലപ്പോഴും ഇവരുടെ ജോലി പോലും. സമര്‍പ്പണ മനോഭാവത്തോടെ കര്‍മ്മനിരതരായ ആരോഗ്യപ്രവര്‍ത്തകരോട് വീഡിയോ കോളിലൂടെ സംസാരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍. മാനസിക പിന്തുണ നല്കുന്നതിനുവേണ്ടി കളിയും കാര്യവുമായി ഒരു മണിക്കൂറോളം താരവും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുകൂടി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റിതര ജീവനക്കാര്‍ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ താമസിപ്പിക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടി മോഹന്‍ലാലും വീഡിയോ കോണ്‍ഫറന്‍സ് വഴി ഒത്തുകൂടി. എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജിവനക്കാരും മോഹന്‍ലാലിനോട് നേരിട്ട് സംവദിച്ചു. പലരും തങ്ങള്‍ മോഹന്‍ലാലിന്റെ കട്ട ഫാന്‍ ആണെന്നും വെളിപ്പെടുത്തി. ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി. മോഹന്‍ലാലിനോടൊപ്പം മോഡല്‍ സ്കൂളില്‍ പഠിച്ചയാളാണ് താനെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയി പറഞ്ഞപ്പോള്‍ മോഹന്‍ലാലിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായ ഡോ. തോമസ് മാത്യുവിനെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരിതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ചെലവഴിച്ചു.