സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവില്‍ തീരുമാനമായില്ല
ലോക്ക് ഡൗണ്‍ ഇളവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തെത്തിയ ശേഷമായിരിക്കും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കുക. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത ജാഗ്രത തുടരുമെന്നും മന്ത്രി സഭായോഗം തീരുമാനിച്ചു. ജില്ലാന്തര യാത്രകള്‍ക്ക് ഇളവ് വേണ്ടെന്നും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.
കൊവിഡ് ഹോട്ട് സ്പോട്ടുകളില്‍ നിയന്ത്രണം 30 വരെ തുടരണമെന്നും അല്ലാത്ത ജില്ലകളില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ച് സര്‍ക്കാര്‍ അനുവദിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സമ്മതിക്കണമെന്നുമായിരുന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം മുന്നോട്ടുവെച്ചിരുന്നു. അതേസമയം കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാക്കാര്യങ്ങളും അംഗീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരിക്കുന്നത്.