അകലങ്ങളിലിരുന്ന് കേരളത്തിനായി അവർ ഒന്നിച്ച് പാടി..- ശ്രദ്ധേയമായ ആശയവുമായി ഗാനമേള കാലാകാരന്മാർ- വീഡിയോ

April 13, 2020

ലോകമെമ്പാടുമുള്ള ജനങ്ങൾ കൊവിഡ് ഭീതിയിൽ വലയുമ്പോൾ കേരളം അതിജീവനത്തിന്റെ പാതയിലാണ്. പ്രതീക്ഷയുടെ നാമ്പുകൾ ദിവസവും കേരളത്തിൽ തളിർക്കുമ്പോൾ അതിനൊപ്പം നിൽക്കുകയാണ് ഓരോ വ്യക്തികളും. കലാകാരന്മാർ പലവിധത്തിലാണ് കേരളത്തിനായി പിന്തുണ അറിയിക്കുന്നത്. ഒത്തുകൂടാൻ സാധിക്കുന്നില്ലെങ്കിലും ഗാനമേള കലാകാരന്മാരും കേരളത്തിന്റെ അതിജീവനത്തിനായി പാട്ടിലൂടെ പിന്തുണ അറിയിക്കുന്നുണ്ട്.

പാലാ കമ്മ്യൂണിക്കേഷൻസ് ട്രൂപ്പിലെ കലാകാരൻമാർ ഇപ്പോൾ വ്യത്യസ്തമായ ഒരു വീഡിയോ ഒരുക്കിയിരിക്കുകയാണ്. വിവിധ ഇടങ്ങളിൽ അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട് അവർ പാടി..ഒപ്പം തന്നെ ഓർക്കസ്ട്രയുമുണ്ട്. ഇങ്ങനെ വിവിധ ഇടങ്ങളിൽ നിന്നും പാടിയതെല്ലാം ചേർത്ത് മനോഹരമായൊരു വീഡിയോ ആണ് പാലാ കമ്മ്യൂണിക്കേഷൻസ് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയ ഗാനമായ ‘സഹ്യസാനു ശ്രുതി’ എന്ന പാട്ടാണ് ഇവർ ലോക്ക് ഡൗൺ കാലത്ത് ആവിഷ്കരിച്ചിരിക്കുന്നത്.

സാമൂഹിക അകലം പാലിച്ച് കൊണ്ട് തന്നെ അവർ മാതൃകാപരമായാണ് കേരളത്തിനായി പാടിയത്. ഫാദർ ജോയൽ പണ്ടാരപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഒരുങ്ങിയ വീഡിയോ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സന്തോഷ് ഞാറക്കൽ ആണ്, ഓർക്കസ്ട്ര നയിക്കുന്നത് ടോം പാലായും.

ബിജു ഗോപാൽ, വാഴൂർ സാബു, സന്തോഷ് ഞാറക്കൽ, അജയൻ അടൂർ, സ്നേഹ ബാബു,അമൃത ആലപ്പുഴ എന്നിവരാണ് വിവിധ ഇടങ്ങളിൽ നിന്നും ഗാനം ആലപിച്ചിരിക്കുന്നത്. ടോം പാലാ, മോനിച്ചൻ, മണികണ്ഠൻ, വിനു കിളിമാനൂർ, ഷാജി തോമസ്, സുരേന്ദ്രൻ, ബിജു, രാജേഷ്, പ്രദീപ് അതിരമ്പുഴ എന്നിവരാണ് ഓർക്കസ്ട്രയിൽ പ്രവർത്തിച്ചിരിക്കുന്നത്.