ഇന്ത്യയിൽ പത്ത് ആഴ്ചയെങ്കിലും ലോക്ക് ഡൗൺ തുടർന്നില്ലെങ്കിൽ വൈറസിന്റെ രണ്ടാം വ്യാപനം ആദ്യത്തേതിലും അതിഭീകരമായിരിക്കും- ആരോഗ്യ വിദഗ്ധൻ റിച്ചാർഡ് ഹോർട്ടൺ

April 23, 2020

മെയ് 3നാണ് ഇന്ത്യയിലെ രണ്ടാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നത്. കേരളത്തിൽ സ്ഥിതി ശാന്തമായി തുടങ്ങിയെങ്കിലും ഇന്ത്യയുടെ മൊത്തത്തിലുള്ള അവസ്ഥ അതല്ല. 21,797 പേരാണ് ഇന്ത്യയിൽ ഇപ്പോൾ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. 681 മരണങ്ങളും സംഭവിച്ചു.

ഈ അവസരത്തിൽ ഇന്ത്യ പത്ത് ആഴ്ചയെങ്കിലും ലോക്ക് ഡൗൺ തുടരണമെന്നാണ് ലോകത്തിലെ ഏറ്റവും പ്രമുഖ വൈദ്യശാസ്ത്ര മാസികയായ ലാന്‍സെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിച്ചാര്‍ഡ് ഹോര്‍ടൺ പറയുന്നത്.

ഇന്ത്യ വാണിജ്യപ്രവർത്തനങ്ങൾ പുനരാരംഭിക്കേണ്ടതാണ്. എന്നാൽ അതിനായി തിടുക്കത്തിൽ ലോക്ക് ഡൗൺ പിൻവലിക്കാൻ ധൃതി കൂട്ടരുതെന്നാണ് റിച്ചാര്‍ഡ് ഹോര്‍ടൺ വ്യക്തമാക്കുന്നത്. ലോക്ക് ഡൗൺ ഒഴിവാക്കാൻ ധൃതി കൂട്ടിയാൽ വൈറസിന്റെ രണ്ടാം വ്യാപനം ആദ്യത്തേതിലും അതിഭീകരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ലോക്ഡൗണ്‍ വിജയകരമാണെങ്കില്‍ പത്താഴ്ചയ്ക്കുള്ളില്‍ രോഗത്തിന്റെ തോത് കുറയുന്നതായി കാണാം. ഈ ഘട്ടം കഴിഞ്ഞാല്‍ സാധാരണ നിലയിലേക്കു മടങ്ങാന്‍ കഴിയും. പിന്നീട് സാമൂഹിക അകലം പാലിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയത് മതിയെന്നും അദ്ദേഹം പറയുന്നു.