ഏട്ടന്റെ പ്രചോദനം, കഷ്ടപ്പാടുകള്‍ക്ക് ഇടയിലൂടെ അഖിലയുടെ തകര്‍പ്പന്‍ സിക്സും ഫോറും; പിന്തണച്ച് എംഎല്‍എയും
കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ അതിഗംഭീരമായ ബാറ്റിങ് മികവ് ആയിരുന്നു. പാഞ്ഞെത്തുന്ന ഓരോ പന്തിനേയും സിക്സും ഫോറുമാക്കി മാറ്റി ആ മിടുക്കി സമൂഹമാധ്യമങ്ങളില്‍ കൈയടി നേടി. കായികലോകത്തെ പോലും അതിശയിപ്പിച്ച ബാറ്റിങ് പ്രകടനമായിരുന്നു പെണ്‍കുട്ടിയുടേത്. ഇപ്പോഴിതാ ഈ മിടുക്കിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് പിന്തുണ അറിയിച്ചിരിക്കുകയാണ് പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍. അഖില എന്നാണ് ഈ മിടുക്കിയുടെ പേര്.
“അഖില.. പാലക്കാട് ചിറ്റിലഞ്ചേരിയിലെ കുഞ്ഞുകുട്ടേട്ടന്റെ മകള്‍. 16 വയസ്സ്. ജില്ലാ ലീഗ് ക്രിക്കറ്റ് കളിക്കുന്ന അഖിലിന്റെ ഏക പെങ്ങള്. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന സാധാരണ കുടുംബാംഗം. ഒന്നര വര്‍ഷമേ ആയുള്ളൂ കളിക്കാന്‍ തുടങ്ങിയിട്ട്. ഏട്ടനൊപ്പം തമാശയ്ക്ക് മുറ്റത്ത് ബാറ്റെടുത്ത് തുടങ്ങിയ ക്രിക്കറ്റ് കമ്പം കഠിനാധ്വാനം കൊണ്ടും ഏട്ടന്റെ നിരന്തര പ്രചോദനം കൊണ്ട് ഇപ്പോള്‍ വയനാട് ക്രിക്കറ്റ് അക്കാദമിയിലും അണ്ടര്‍ 19 സ്റ്റേറ്റ് ടീമിലും എത്തി നില്ക്കുന്നു.
പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനും കെസിഎയും നല്കിയ പ്രോത്സാഹനവും പിന്തുണയും എടുത്ത് പറയേണ്ടതാണ്. കഴിവുള്ള ഈ മിടുക്കി നാളെ നമ്മുക്ക് അഭിമാനമായി വളരട്ടെ. അഖിലയോട് സംസാരിച്ചിരുന്നു. ഒരുപാട് ദൂരം പിന്നിടാനുള്ള ഒരു പ്രതിഭക്കുള്ള എല്ലാ പിന്തുണയും നല്‍കും.
സന്തോഷിക്കാം നമ്മുക്കും അഖിലയ്ക്കും, സംതൃപ്തിപ്പെടാനായില്ല. എത്തിപിടിക്കേണ്ട ഉയരങ്ങളിലേക്ക് പറക്കാനുള്ള ഇന്ധനം മാത്രമാണ് നമ്മുടെ വാക്കുകള്‍.. അഖിലയുടെ കഴിവും അര്‍പ്പണബോധവും വഴി കാട്ടും..തീര്‍ച്ച”. അഖിലയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.