കൊറോണ എന്ന വാക്ക് പോലും ശബ്ദിക്കരുത്- കൊറോണയെ വിലക്കി ഒരു രാജ്യം
ലോകം മുഴുവൻ ആശങ്ക പരത്തി കൊവിഡ്-19 ശക്തി പ്രാപിച്ചിരിക്കുകയാണ്. വളരെ ചുരുക്കം രാജ്യങ്ങളിൽ മാത്രമേ കൊറോണ വൈറസ് എത്താതെയുള്ളൂ. മിക്ക രാജ്യങ്ങളും വൈറസ് ബാധയില്ലെങ്കിലും കരുതലോടെയാണ് ഇരിക്കുന്നത്. എന്നാൽ ഒരു രാജ്യത്ത് കൊറോണ എന്ന വാക്ക് തന്നെ നിരോധിച്ചിരിക്കുകയാണ്.
തുർക്മെനിസ്ഥാൻ ആണ് വിചിത്ര നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ എന്നു പോലും ഉച്ചരിക്കരുത് എന്നാണ് നിയമം. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂളുകളിലും ആശുപത്രികളിലുമൊക്കെ വിതരണം ചെയ്യുന്ന ബ്രോഷറുകളിൽ കൊറോണ എന്ന് ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തുർക്മെനിസ്ഥാനിന്റെ തൊട്ടടുത്ത രാജ്യമായ ഇറാനിൽ 40000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുർക്മെനിസ്ഥാനിൽ ഒരാൾക്ക് പോലും രോഗബാധയില്ല. അതുകൊണ്ട് തന്നെ കൊറോണയുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളെയും വിലക്കിയിട്ടുണ്ട്.