ലോകത്ത് അഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് രോഗം ഭേദമായി
മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതി ലോകത്തെ പിടികൂടിയിട്ട്. ഈ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല ഇപ്പോഴും. എന്നാല്‍ മനുഷ്യ മനസ്സുകളില്‍ പ്രതീക്ഷ പകരുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അഞ്ച് ലക്ഷത്തില്‍ അധികം പേരാണ് ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും വിമുക്തരായത്.
20,20,927 പേര്‍ക്കാണ് ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 5,11,356 പേര്‍ രോഗത്തില്‍ നിന്നും മോചിതരായി. 1,34,354 പേര്‍ കൊവിഡ് 19 എന്ന മഹാമാരി മൂലം മരണത്തിന് കീഴടങ്ങി. കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഇതുവരെ 78,311 പേരാണ് രോഗത്തില്‍ നിന്നും വിമുക്തരായത്. ജര്‍മനിയില്‍ 72,600 പേര്‍ക്കും സ്‌പെയിനില്‍ 70,853 പേര്‍ക്കും രോഗം ഭേദപ്പെട്ടു.
Read more: അകലങ്ങളിലിരുന്ന് ബാലുവും നീലുവും കുട്ടികളും ഒന്നിച്ചു; ‘ഉപ്പും മുളകും’ വീണ്ടും പ്രേക്ഷകരിലേയ്ക്ക്
ഏറ്റവും കൂടുതല്‍ കൊവിഡ് രോഗ ബാധിതരുള്ളത് അമേരിക്കയിലാണ്. 6,37,359 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചു. 28,529 മരണങ്ങളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 21,600 കവിഞ്ഞു ഇറ്റലിയിലെ മരണ നിരക്ക്. 1,65,155 പേരാണ് ഇറ്റലിയിലെ രോഗബാധിതര്‍. 18,812 പേര്‍ സ്‌പെയിനിലും കൊവിഡ് 19 മൂലം മരണപ്പെട്ടു. 17,167 പേരാണ് ഫ്രാന്‍സില്‍ മരണപ്പെട്ടത്.
ഇന്ത്യയില്‍ 11, 933 പേര്‍ക്ക് കൊവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,344 പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടി. 392 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 387 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 167 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.