ചുരുളഴിയാത്ത രഹസ്യങ്ങളുമായി ലോകത്തിലെ ഏറ്റവും പഴക്കമുള്ള പിരമിഡ്

May 1, 2020

മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾക്കും ചിന്തകള്‍ക്കുമൊക്കെ അതീതമാണ് പ്രകൃതിയിലെ പല പ്രതിഭാസങ്ങളും… എന്നാൽ പലപ്പോഴും അത്ഭുതം സൃഷ്ടിക്കാറുള്ളതാണ് മനുഷ്യ നിർമിതികൾ. ഒരുപാട് ദുരൂഹതകൾ ബാക്കി നിർത്തിയ ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യ നിർമ്മിത വാസ്തുശില്പ്പമാണ് ഗിസയിലെ പിരമിഡ്.

യേശുവിന് 2750 വർഷങ്ങൾക്ക് മുമ്പ് ഖുഫു എന്ന ഫറോവ നിർമിച്ചതാണ് ഗിസ പിരമിഡ്. സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു ഈ പിരമിഡ് പണികഴിപ്പിച്ചത്.

ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ (476 അടി ) പിരമിഡെന്ന ബഹുമതിയും ഗിസ പിരമിഡിനാണ്. പ്രാചീന സപ്താത്ഭുതങ്ങളിൻ ഇപ്പോഴും അവശേഷിക്കുന്ന ഒരേയൊരെണ്ണം ഗിസ പിരമിഡ് മാത്രമാണ്. ഇതിന്റെ നിർമിതിയിലെ പ്രത്യേകതയാണ് ഇപ്പോഴും ഈ പിരമിഡ് നിലനിൽക്കാൻ കാരണം. വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കല്ലുകളും ചതുരാകൃതിയിൽ ചെത്തിയെടുത്താണ് ഈ പിരമിഡ് നിർമിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം ഭാരമുള്ള കരിങ്കല്ലുകൾ വരെ പിരമിഡ് നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പിരമിഡ് നിർമാണത്തിന് മാത്രമായി കൈറോയിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണ് ഈ കരിങ്കല്ലുകൾ എത്തിച്ചത്.

വർഷങ്ങളായി ഗിസ പിരമിഡിൽ ഗവേഷകർ പഠനം നടത്തിവരുകയാണ്. നൂറടിയിലേറെ നീളത്തിലുള്ള വായുരഹിതസ്ഥലം ഈ പിരമിഡിനകത്ത് ഗവേഷകർ അടുത്തിടെ കണ്ടെത്തിയിരുന്നു. സ്കാൻ പിരമിഡ്സ് പ്രോജക്ടിന്റെ ഭാഗമായുയുള്ള രാജ്യാന്തര ഗവേഷകരാണു വായുരഹിത സ്ഥലം കണ്ടെത്തിയത്. 2015 മുതൽ നടത്തിയ പരിശോധനയുടെ ഫലമായാണ് 2017 ൽ വായുരഹിത സ്ഥലം കണ്ടെത്തിയത്. എന്നാൽ ഈ വായുരഹിത സ്ഥലം എന്തിനാണ് ഉപയോഗിച്ചിരുന്നതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ തുടരുകയാണ്. അതേസമയം ഗിസ പിരമിഡുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകൾ ഇനിയും ചുരുളഴിയാൻ ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.