മഞ്ജു ഭാവങ്ങളിൽ അതിശയിപ്പിച്ച് കൊച്ചുമിടുക്കി; വൈറലായി ടിക് ടോക് വീഡിയോ

May 1, 2020

പ്രായഭേദമന്യേ മലയാളികൾക്കിടയിൽ നിരവധി ആരാധരുള്ള താരമാണ് മഞ്ജു വാര്യർ. ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മഞ്ജു വാര്യർ അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവർത്തനങ്ങളിലും മുൻനിരയിൽ തന്നെയുണ്ട്. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ മഞ്ജുവിന്റെ കഥാപാത്രങ്ങളെ ടിക് ടോക്കിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. മലയാളികളുടെ ഇഷ്ടകഥാപാത്രങ്ങളുമായി എത്തിയ കൊച്ചുമിടുക്കിയ്ക്കും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ആറാംതമ്പുരാനി’ലെ ഉണ്ണിമായയായും, ‘സമ്മർ ഇൻ ബെത്‌ലഹേമി’ലെ അഭിരാമിയായും ‘കന്മദ’ത്തിലെ ഭാനുവായും ‘പ്രതി പൂവൻ കോഴി’യിലെ മാധുരിയായും ‘പ്രണയവർണ്ണങ്ങളി’ലെ ആരതിയായുമൊക്കെ എത്തി പ്രേക്ഷകരുടെ മനം കവരുകയാണ് ഈ കൊച്ചുമിടുക്കി.

സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു മഞ്ജു വാര്യരായി പ്രത്യക്ഷപ്പെട്ട കുഞ്ഞുമോൾ. വേഷത്തിലും രൂപത്തിലുമൊക്കെ കഥാപാത്രത്തെ അനുകരിച്ച ഈ മിടുക്കിയുടെ മുഖത്ത് മഞ്ജു ഭാവങ്ങളും നിറയുന്നുണ്ട്.

അതേസമയം ലളിതം സുന്ദരം, ചതുർമുഖം, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.

1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചു താരം. മഞ്ജുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം പ്രതിപൂവൻ കോഴിയാണ്.