“പെട്ടെന്നൊരു സിനിമ ചെയ്യാന്‍ ആ കൊലക്കേസ് വിഷയത്തില്‍ നിന്നും ത്രെഡ് കണ്ടെത്തുകയായിരുന്നു”; രാക്ഷസരാജാവിന്റെ പിറവിയെക്കുറിച്ച് വിനയന്
ഒരു കാലത്ത് മലയാള ചലച്ചിത്രാസ്വദകരെ ഹരംകൊള്ളിച്ച രണ്ട് ചിത്രങ്ങളാണ് ദാദാസാഹിബും രാക്ഷസരാജവും. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഈ ചിത്രങ്ങള്‍ ഇന്നും മലയാള മനസ്സുകളില്‍ ഉണ്ട്. ദാദാസാഹിബ് എന്ന സിനിമയുടെ റിലീസിന് ശേഷം നാല് മാസം കഴിഞ്ഞപ്പോഴാണ് രാക്ഷസരാജാവ് ആരംഭിയ്ക്കുന്നത്. 35 ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ രാക്ഷസരാജാവ് എന്ന സിനിമയുടെ പിറവിയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് വിനയന്.
വിനയന്റെ കുറിപ്പ്
‘രാക്ഷസരാജാവ് ‘ ഷൂട്ടിംഗ് ആരംഭിച്ചത് ‘ദാദാസാഹിബ്’ എന്ന എന്റെ മറ്റൊരു മമ്മൂട്ടിച്ചിത്രത്തിന്റെ റിലീസു കഴിഞ്ഞ് നാലു മാസം കഴിഞ്ഞ ഉടനേയാണ്… ദാദാസാഹിബിനു ശേഷം കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അര്‍ജന്റായി ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്. ഇത്ര പെട്ടന്ന് അടുത്ത ചിത്രവും തുടങ്ങാന്‍ പ്രോല്‍സാഹിപ്പിച്ചത് സാക്ഷാല്‍ മമ്മൂക്ക തന്നെയാണ്..
Read more: കോഴിക്കുഞ്ഞുങ്ങളോട് കുറുമ്പ് കാട്ടി പൂച്ചക്കുട്ടി; ‘പോരാടി’ കോഴിക്കുഞ്ഞും: വൈറല്‍ വീഡിയോ
സത്യത്തില്‍ അടുത്ത ചിത്രം പ്ലാന്‍ ചെയ്തിരുന്നത് വാസന്തിയുടെ തമിഴ് പതിപ്പായ കാശി ആയിരുന്നു. ഞാനത് മുന്നോട്ടു നീട്ടിവച്ചു. കരുമാടിക്കുട്ടന്റെ തിരക്കിനിടയില്‍ പുതിയൊരു സബ്ജക്ട് കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. അന്നു കേരളത്തെ പ്രകമ്പനം കൊള്ളിച്ച അതിദാരുണമായ ആലുവാ കൊലക്കേസും അതിന്റെ അന്വേഷണവും ഒക്കെ വാര്‍ത്തയായി നാട്ടില്‍ നിറഞ്ഞു നില്ക്കുന്ന സമയമായിരുന്നു.
പെട്ടെന്നൊരു സിനിമ ചെയ്യാന്‍ ആ കൊലക്കേസ് വിഷയത്തില്‍ നിന്നു തന്നെ ത്രെഡ് കണ്ടെത്തുകയായിരുന്നു. കരുമാടിക്കുട്ടന്റെ റീ- റിക്കോഡിങ്ങിനിടയില്‍ ഒരു കഥയുണ്ടാക്കി മമ്മൂക്കയോടു പറഞ്ഞു. അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടു. ഷുട്ടിംഗിനു മുന്‍പ് തിരക്കഥ മുഴുവന്‍ തീര്‍ക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല എന്നതാണു സത്യം. എങ്കിലും രചനയും സംവിധാനവും ഒക്കെയായി 35 ദിവസം കൊണ്ടു ഷുട്ടിംഗ് തീര്‍ത്തു. അടുത്തടുത്തു ചെയ്ത രണ്ടു മമ്മുട്ടി ചിത്രങ്ങളും വ്യത്യസ്തമായിരുന്നു. വിജയവുമായിരുന്നു…
Story highlights: Vinayan About Rakshasarajavu movie