രാജ്യത്ത് ഒരു ലക്ഷം കടന്ന് കൊവിഡ് രോഗികൾ
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോകം മുഴുവൻ കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 100340 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം 3155 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 5242 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 157 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2715 പേർ രോഗമുക്തരായി.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 33.5 ശതമാനം കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. 12 ശതമാനം കേസുകൾ ഗുജറാത്തിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തമിഴ്‌നാട്ടിൽ നിന്ന് 11.7 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ കൊവിഡ് കേസുകൾ 10000 കടന്നു.
അതേസമയം കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 630 ആയി. 130 പേർ ചികിത്സയിലുണ്ട്. ഇന്നലെമാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 67789 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 67316 പേരും ആശുപത്രികളിൽ 473 പേരുമുണ്ട്.
Story Highlights: india covid updates