‘കൊവിഡിനെതിരായ പോരാട്ടത്തിൽ ലിനിയുടെ ഓർമ്മകൾ നമുക്ക് കരുത്തേകും’; ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് രണ്ടു വയസ്, ഹൃദയംതൊട്ട് മുഖ്യമന്ത്രിയുടെ കുറിപ്പ്

രണ്ടു വര്‍ഷം മുമ്പ്, കോഴിക്കോട് പടര്‍ന്നുകയറിയ നിപാ വൈറസിനെ ഒരു വിങ്ങലോടെയല്ലാതെ മലയാളികള്‍ക്ക് ഓര്‍ക്കാനാകില്ല. നിപാ വൈറസ് മൂലം ഈ ലോകത്തോട് വിട പറഞ്ഞവരെയും. സ്വന്തം ആരോഗ്യ സ്ഥിതി പോലും കണക്കിലെടുക്കാതെ നിസ്വാര്‍ത്ഥമായി സേവനം ചെയ്ത് മരണപ്പെട്ട ലിനി എന്ന മാലാഖയും മലയാളികളുടെ മനസില്‍ തെളിഞ്ഞു നില്‍പ്പുണ്ട്. ലിനി വിടപറഞ്ഞിട്ട് രണ്ടു വര്‍ഷം തികയുകയാണ്.
നഴ്‌സ് എന്നാല്‍ മാലാഖയാണെന്ന പറച്ചില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്നതാണ് ലിനിയുടെ ജീവിതം. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ലിനിമയുടെ ഓര്‍മ്മദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും? ആ ജീവിതം മറ്റുള്ളവർക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍
ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറി.
കോവിഡ് – 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓർമ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് ഈ പോരാട്ടത്തിൽ കേരളത്തിൻ്റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിൻ്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാം മറന്ന് മുന്നിലുണ്ട്.
രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവർത്തകർ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നൽകുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ ലിനിയുടെ ഓർമ്മകൾ നമുക്ക് കരുത്തേകും.