കൊവിഡ്ക്കാലത്ത് അതിബുദ്ധി കാണിച്ചാല്‍ ദേ, ഇതായിരിക്കും അവസ്ഥ; ശ്രദ്ധേയമായ് ‘COVG’

May 12, 2020

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ് ഇന്ത്യയിലും. പോരാട്ടങ്ങള്‍ ശക്തമാക്കുമ്പോഴും സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരും നമുക്കിടയില്‍ ഉണ്ട്.

ഇപ്പോഴിതാ കൊവിഡ് കാലത്തെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ സംഭവിക്കാന്‍ സാധ്യതയുള്ളത് എന്തെല്ലാമാണെന്ന് വ്യക്തമാക്കുകയാണ് ഒരു ഹ്രസ്വചിത്രം. COVG എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാതെ പുറത്തിറങ്ങിയ ഒരു യുവാവ് കൊവിഡ് വൈറസ് ശരീരത്തില്‍ കയറാതിരിക്കാന്‍ പോരാടുകയാണ്. പക്ഷെ ഫലമുണ്ടായില്ല. ഈ ഒരു കഥാപശ്ചാത്തലമാണ് ഹ്രസ്വചിത്രത്തിന്റേത്.

Read more: അതിഗംഭീര താളത്തില്‍ ഇരുഭാഷകളില്‍ കൊട്ടിപ്പാടി യുവതികള്‍; പാട്ടിനെ വരവേറ്റ് സോഷ്യല്‍മീഡിയ

ആവിഷ്‌കാരത്തിലും പ്രമേയത്തിലും COVG മികച്ചു നില്‍ക്കുന്നു. അനൂജ് രാമചന്ദ്രനാണ് ഹ്രസ്വചിത്രത്തിന്റെ സംവിധാനവും ഓഡിയോ ഡിസൈനും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. അനൂജിന്റേത് തന്നെയാണ് ഹ്രസ്വചിത്രത്തിന്റെ കണ്‍സെപ്റ്റും. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വഹിച്ച സെക്‌സി ദുര്‍ഗ്ഗ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയ കണ്ണന്‍ നായരാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സുരാജ് ആറ്റിങ്ങല്‍ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. വിനീഷ് വിശ്വനാഥ് ആണ് അസോസിയേറ്റ് ഡയറക്ടര്‍. ഹരി, അരുണ്‍രാജ് എന്നിവരാണ് ക്യാമറ അസോസിയേറ്റ്‌സ്. സഞ്ജു പ്ലാവോട് മേക്ക്അപ്പ് നിര്‍വഹിച്ചിരിക്കുന്നു. സമൂഹമാധ്യങ്ങളില്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു COVG.

Story Highlights: COVG Short Film Flowers