രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 1886 കൊവിഡ് മരണങ്ങള്
മാസങ്ങളായി കൊവിഡ് രോഗവ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത് കൊറോണ വൈറസ്. തുടര്‍ച്ചയായ മൂന്ന് ദിവസവും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലാണ്. ഏറ്റവും ഒടുവില്‍ 3390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.
ഇതുവരെ രാജ്യത്ത് 56,342 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 1886 പേരുടെ ജീവന് ഈ മഹാമാരി കവര്‍ന്നു. കൊവിഡ് രോഗബാധയില്‍ നിന്നും ഇതുവരെ മോചിതരായത് 16539 പേരാണ്.
രാജ്യത്തെ കൊവിഡ് മരണനിരക്ക് ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 694 പേരാണ് മഹാരാഷ്ട്രയില്‍ മരണപ്പെട്ടത്. 17,974 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ നിലവില്‍ 13979 പേര് ചികിത്സയിലുണ്ട്. 3301 ആളുകള്‍ മഹാരാഷ്ട്രയില്‍ രോഗത്തില്‍ നിന്നും മുക്തരായി.
ആശങ്കയുണര്‍ത്തുന്നതാണ് ഗുജറാത്തിലേയും കൊവിഡ് രോഗികളുടെ എണ്ണം. 7012 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 425 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 4878 പേരാണ് ഗുജറാത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
5980 പേര്‍ക്ക് ഡല്‍ഹിയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണവും അയ്യായിരത്തില്‍ അധികമാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ മൂവായിരത്തില്‍ അധികം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.
Story Highlights: Covid 19 corona virus India updates