“ചേട്ടാ കുറച്ച് ചോറിടട്ടേ…”;മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹിറ്റ് ഡയലോഗുകള്‍ അടുക്കളയിലും: സ്റ്റാറാണ് ശ്രുതി ജോയ്
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാണ് ഇന്ത്യയിലും. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. അനാവശ്യമായി പുറത്തിറങ്ങാതെ എല്ലാവരും വീടുകളില്‍ കഴിയണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശവും. ലോക്ക് ഡൗണ്‍ കാലത്തെ ക്രിയാത്മകമാക്കിയ മലയാളികളുടെ എണ്ണം ചെറുതല്ല. പച്ചക്കറി തോട്ടം വളര്‍ത്തിയും കലാമികവുകള്‍ പ്രകടിപ്പിച്ചുമെല്ലാം ലോക്ക് ഡൗണ്‍ കാലത്ത് താരമായവരും നിരവധിയാണ്.
ലോക്ക് ഡൗണ്‍ സമയത്തെ വീട്ടിലിരിപ്പും ക്രിയാത്മകമാക്കിയിരിക്കുകയാണ് ശ്രുതി ജോയ് എന്ന മിടുക്കി. മലയാളികള്‍ ഹൃദയത്തിലേറ്റിയ സിനിമാ ഡയലോഗുകള്‍ ശ്രുതി തന്റെ അടുക്കളയില്‍ ഒരുക്കി, മികവാര്‍ന്ന പെയ്ന്റിങിലൂടെ. കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിനിയാണ് ശ്രുതി ജോയ്. ജീവിതത്തെ എന്നപോലെ കലയേയും ഹൃദയത്തിലേറ്റുന്നവള്.
കല്യാണരാമന് എന്ന ചിത്രത്തിലെ ‘ചേട്ടാ കുറച്ച് ചോറിടട്ടേ…’, കിലുക്കത്തിലെ ‘എനിക്ക് വെശക്കണൂ…’, പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ ‘ചപ്പാത്തി നഹീ നഹീ ചോര്‍…’ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ഡയലോഗുകളാണ് ശ്രുതി തന്റെ അടുക്കളയില്‍ ഒരുക്കിയത്. ഒപ്പം മനോഹരങ്ങളായ ചിത്രങ്ങളും. എറണാകുളത്ത് ഡിസൈനര്‍ ആണ് ശ്രുതി. അഭിനന്ദിക്കാതിരിക്കാന്‍ ആവില്ല ഈ പ്രതിഭയെ…
Story highlights: Designer Sruthi Joy special creativity in lock-down