ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മ: ‘സിനിമയ്ക്കപ്പുറം ഇത് യാഥാർഥ്യമാണോയെന്ന് ശങ്കിച്ച നിമിഷങ്ങൾ’, ലാലേട്ടനൊപ്പമുള്ള സിനിമ അനുഭവം പങ്കുവെച്ച് ചൈതന്യ ഉണ്ണി

May 22, 2020
chaithanya

താര വിസ്മയം മോഹൻലാലിന് പിറന്നാൾ ആശംസകളുമായി ലോകം മുഴുവനുമുള്ള മലയാളികൾ എത്തിയിരുന്നു. അഭിനയകലയിലെ അപൂർവതയായ മോഹൻലാൽ എന്ന കലാകാരനൊപ്പം അഭിനയിക്കാൻ സാധിച്ച മുഹൂർത്തങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയപാടവത്തെ കുറിച്ചും നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘സദയം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ മോഹൻലാൽ എന്ന അതുല്യ പ്രതിഭയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ ഓർമ്മ പുതുക്കുകയാണ് ഡോക്ടർ ചൈതന്യ ഉണ്ണി. മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ‘സദയം’. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത്, മോഹൻലാൽ സത്യനാഥൻ എന്ന കഥാപാത്രമായി എത്തിയ ചിത്രം.

കുടുംബസാഹചര്യം മൂലം വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടാൻ സാധ്യതയുള്ള രണ്ടു പെൺകുട്ടികളെ ആ അവസ്ഥയിൽ എത്താതിരിക്കുവാനായി കൊല ചെയ്യുന്നതും, നായകനെ കോടതി തൂക്കിലേറ്റുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം.

മലയാളി പ്രേക്ഷകർക്ക് കണ്ണീരിന്റെ നനവ് സമ്മാനിച്ച സദയത്തിൽ ബാലതാരമായി ചൈതന്യ ഉണ്ണി വേഷമിട്ടിരുന്നു. ജിവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ സമ്മാനിച്ച ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ ഫേസ്ബുക്കിലൂടെയാണ് ചൈതന്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.

Read also: ‘ലാൽ അങ്കിളിനെ എപ്പോഴെങ്കിലും നേരിട്ട് കാണണം’, പിറന്നാൾ ആശംസകൾക്കൊപ്പം ആഗ്രഹവും; കുഞ്ഞുമകന് മാസ് മറുപടിയുമായി ലാലേട്ടൻ, വീഡിയോ

‘ഒരു സാധാരണ വ്യക്തി കഥാപാത്രമായി രൂപാന്തരപ്പെടുന്നത് കണ്മുന്നിൽ കാണുകയായിരുന്നു. ഒരു നിമിഷം ഇത് അഭിനയം ആണെന്നുള്ള കാര്യം പോലും താൻ മറന്നു. ലാലേട്ടൻ യഥാർത്ഥത്തിൽ ഈ കഥാപാത്രം ആയി മാറിയോ, ജിവിതം ആപത്തിലായോ എന്ന് പോലും ഒരു നിമിഷം ചിന്തിച്ചുപോയി’ ചൈതന്യ കുറിച്ചു.

Story Highlights: Dr Chaithanya Unni facebook post on Mohanlal