‘അതേക്കുറിച്ച് കേൾക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത വേദനയാണ്’- ദുൽഖർ സൽമാൻ
ലോകമെമ്പാടുമുള്ള ജനങ്ങൾ കൊവിഡ് ഭീതിയിൽ വലയുകയാണ്. ഇന്ത്യയിൽ സ്ഥിതി വഷളാകുന്നതിനൊപ്പം മറ്റൊരു ദുഖകരമായ വാർത്ത കൂടിയാണ് എത്തുന്നത്. വിശാഖപട്ടണത്തെ ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ച വലിയ പ്രതിസന്ധിയാണ് ഈ കൊവിഡ് കാലത്ത് സൃഷ്ടിച്ചിരിക്കുന്നത്.
പതിനൊന്നുപേരാണ് ഇതുവരെ വിഷവാതക ചോർച്ചയിൽ മരിച്ചത്. ഒട്ടേറെ ആളുകൾ വെന്റിലേറ്ററിൽ തുടരുകയുമാണ്. ഈ അവസ്ഥയിൽ തന്റെ ഖേദം രേഖപ്പെടുത്തുകയാണ് നടൻ ദുൽഖർ സൽമാൻ.
‘ഈ ദുരന്തത്തിൽ വളരെയധികം ദുഃഖം തോന്നുന്നു. അതേക്കുറിച്ച് കേൾക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത വേദനയാണ്. ദുരന്തത്തിൽ ഇരയായവർക്കും അവരുടെ കുടുംബത്തിനും എന്റെ പ്രാർത്ഥനകൾ. ആശുപത്രിയിലെത്തിക്കാനും അവരുടെ ജീവൻ രക്ഷിക്കാനും നേതൃത്വം നൽകിയവരോട് ആദരവ് തോന്നുന്നു’- ദുൽഖർ കുറിക്കുന്നു.
ഒട്ടേറെ സിനിമ താരങ്ങൾ ഈ സംഭവത്തിൽ ദുഃഖം അറിയിച്ചിരുന്നു. ആയിരത്തോളം ആളുകളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഫാക്ടറിക്ക് സമീപമുള്ള ഗ്രാമങ്ങളിൽ നിന്നും മൂവായിരത്തോളം ആളുകളെ അധികൃതർ ഒഴിപ്പിച്ചിരുന്നു.
Story highlights- dulquer salman about visakhapatnam gas leak