പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖർ; ശ്രദ്ധനേടി പുതിയ ലുക്ക്

May 24, 2020
kurupp

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കുറുപ്പ്’. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പങ്കുവെച്ചത്. 35 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്.

ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായി. പെരുന്നാൾ റിലീസായി തയാറെടുത്ത ചിത്രം കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നീണ്ടു പോയിരിക്കുകയാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also: പിറന്നാൾ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ: ജനനേതാവിന് ആശംസാ പ്രവാഹം

ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

Story Highlights: Dulquer salman film Kurupp poster