വാറ്റു ചാരായത്തിൽ നിന്നും സാനിറ്റൈസർ; ഗുലുമാലിലായി നടി വിദ്യ വിജയകുമാർ- രസകരമായ വീഡിയോ
രസകരമായ ഗുലുമാൽ പ്രാങ്കുകളിലൂടെ മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ അനൂപ് പന്തളം, ഈ ലോക്ക് ഡൗൺ കാലത്തും തിരക്കിലാണ്. സിനിമ- ടെലിവിഷൻ താരങ്ങൾക്ക് രസകരമായ കോൾ പ്രാങ്കുകൾ നൽകി അനൂപും ഗുലുമാൽ ഓൺലൈനും സജീവമാണ്. ഇത്തവണ അനൂപിന്റെ പ്രാങ്കിന് ഇരയായത് മോഡലും നടിയുമായ വിദ്യ വിജയകുമാറാണ്. പരസ്യ ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരം ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ‘ആഹാ’ എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ബിബിൻ പോളാണ് വിദ്യക്ക് അനൂപ് പന്തളം വഴി രസകരമായ പ്രാങ്ക് നൽകിയത്.
മോഡലായ വിദ്യയെ സാനിറ്റൈസറിന്റെ പരസ്യത്തിൽ അഭിനയിക്കാൻ വേണ്ടി പ്രഭൂസ് കുമാർ എന്ന പേരിലാണ് അനൂപ് വിളിക്കുന്നത്. കൊച്ചിയിലെ തിരുവനന്തപുരത്ത് നിന്നാണ് വിളിക്കുന്നത് എന്നൊക്കെ പറഞ്ഞിട്ടും നടിക്ക് മനസിലായില്ല. ആയുർവേദ സാനിറ്റൈസർ എന്നൊക്കെ പറഞ്ഞു തുടങ്ങിയതെങ്കിലും ഒടുവിൽ സംഭവം വാറ്റുചാരായമാണ് ഉദ്ദേശിക്കുന്നതെന്ന് പതിയെയാണ് വിദ്യക്ക് മനസിലായത്. താൻ ശർക്കര കൊണ്ടുവരുന്ന ആളാണെന്നും ഈ സംരംഭത്തിന്റെ മെയിൻ ആള് കോഴിപ്പിള്ളി ദാസൻ ആണെന്നൊക്കെ അനൂപ് പറഞ്ഞതോടെ വിദ്യയുടെ കിളി പോയി.
ഏറ്റവും രസകരം, താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കാൻ നോക്കിയിട്ട് നടക്കാതായപ്പോൾ, ഇതുവരെ നിങ്ങൾ എന്റെ പ്രതിഫലം ചോദിക്കാത്തതെന്താ എന്ന വിദ്യയുടെ ചോദ്യത്തിന് അനൂപ് നൽകുന്ന മറുപടിയാണ്.
”അയ്യോ, നമുക്ക് വാറ്റുന്നതിന് ഡെയ്ലി 600 രൂപ ശമ്പളം. നൈറ്റ് കൂടെ നിൽക്കുവാണെങ്കിൽ 1200 രൂപ തരും, വിറക് മാറ്റി വെക്കനൊക്കെ കൂട്ടി..”. ഇതും കൂടി ആയപ്പോൾ വിദ്യ പോലീസിനെ വിളിക്കുമെന്നും ചേട്ടന് വല്ല അസുഖവുമുണ്ടോ എന്നൊക്കെ പറയുന്നുണ്ട്.
എന്തായാലും രസകരമായ ഈ പ്രാങ്ക് വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഗുലുമാൽ ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലും അനൂപ് പന്തളത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലുമാണ് വീഡിയോകൾ പങ്കുവയ്ക്കുന്നത്.
Story highlights-gulumal online prank video with actress vidhya vijayakumar