വാറ്റു ചാരായത്തിൽ നിന്നും ‘ചാരുദാസൻ’ ഹെർബൽ സാനിറ്റൈസർ- നടി വിദ്യ വിജയകുമാറിന് ‘ആഹാ’ സിനിമ ടീം നൽകിയ ഗുലുമാൽ പണി

ഇന്ദ്രജിത്തിനെ നായകനാക്കി വടംവലിയുടെ പശ്ചാത്തലത്തിൽ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആഹാ’. പ്രേം എബ്രഹാം നിർമിക്കുന്ന സ്പോർട്സ് ഡ്രാമ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ബോളിവുഡിൽ സജീവമായ രാഹുൽ ബാലചന്ദ്രനാണ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ടീം ഇപ്പോൾ ഒരു രസികൻ ഗുലുമാലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നടിയും മോഡലുമായ വിദ്യ വിജയകുമാർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലോക്ക് ഡൗൺ സമയത്ത് വിദ്യക്ക് ഒരു ഗംഭീര പണികൊടുക്കുകയാണ് ‘ആഹാ’ സിനിമ ടീം.

ഗുലുമാൽ വീഡിയോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അനൂപ് പന്തളവും അഹായിൽ ഒരു ശ്രദ്ധേയ വേഷത്തിലുണ്ട്. ലോക്ക് ഡൗൺ സമയത്ത് താരങ്ങൾക്ക് ഗുലുമാൽ ഓൺലൈൻ വഴി കോൾ പ്രങ്കുകൾ നൽകുന്ന അനൂപിലൂടെയാണ് ചിത്രത്തിന്റെ സംവിധായകൻ ബിബിൻ പോൾ സാമുവൽ വിദ്യക്കും പ്രാങ്ക് നൽകിയത്.

വാറ്റു ചാരായത്തിൽ നിന്നും സാനിറ്റൈസർ ഉല്പാദിപ്പിക്കുന്ന പരസ്യത്തിന്റെ മോഡൽ ആകുവാനാണ് വിദ്യയെ അനൂപ് വിളിക്കുന്നത്. സാനിറ്റൈസറിന്റെ പരസ്യം എന്ന ധാരണയിൽ സംസാരിച്ച വിദ്യക്ക് പിന്നീടാണ് ചാരായം വാറ്റുന്ന കാര്യമാണ് പറയുന്നതെന്ന് മനസിലാകുന്നത്. അനൂപിന്റെ കോമഡി ഡയലോഗുകളാണ് ഏറ്റവും രസകരം. കോഴിപ്പിള്ളി ദാസനാണ് ഇതിന്റെ മെയിൻ ആളെന്നും ദാസൻ തന്നെ ഉണ്ടാക്കുന്ന ചാരായം ആയത് കൊണ്ട് ചാരുദാസൻ ഹെർബൽ സാനിറ്റൈസർ എന്ന പേര് വന്നത് എന്നൊക്കെയുള്ള ഡയലോഗ് ആരെയും പൊട്ടിച്ചിരിപ്പിക്കും.

എന്തായാലും അനൂപ് തന്നെ ഇതൊരു പ്രാങ്ക് ആയിരുന്നു പറഞ്ഞപ്പോൾ മാത്രമാണ് വിദ്യക്ക് കാര്യം മനസിലായത്.

Read More:വാറ്റു ചാരായത്തിൽ നിന്നും സാനിറ്റൈസർ; ഗുലുമാലിലായി നടി വിദ്യ വിജയകുമാർ- രസകരമായ വീഡിയോ

വിദ്യയുടെ സുഹൃത്താണ് അനൂപിന് വേണ്ടി വീഡിയോ ചിത്രീകരിച്ചത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ‘ആഹാ’ ടീം വിദ്യക്ക് നൽകിയ ഗുലുമാൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഏപ്രിലിലായിരുന്നു ‘ആഹാ’ റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാരണം റിലീസ് മാറ്റുകയായിരുന്നു.

Story highlights-gulumal online prank video with ahaa movie team