ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 37,000-ല്‍ അധികം കൊവിഡ് കേസുകള്‍
മാസങ്ങളായി കൊവിഡ് 19 എന്ന മഹാരോഗത്തിനെതിരെയുള്ള ചെറുത്ത് നില്പ്പിലാണ് ലോകം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യയും. അതേസമയം ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 37,336 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2293 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.
അതേസമയം കൊവിഡ് രോഗത്തില്‍ നിന്നും മോചിതരായവരുടെ എണ്ണം നല്കുന്ന പ്രതീക്ഷയും ചെറുതല്ല. 9950 പേര് ഇതുവരെ രാജ്യത്ത് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 26,167 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 1218 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും അധികം കൊവിഡ് രോഗ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 10498 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 1773 പേര് രോഗമുക്തരായിട്ടുണ്ട്. 8266 പേരാണ് നിലവില്‍ മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്. 459 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4395 കൊവിഡ് ബാധിതരാണ് ഗുജറാത്തിലുള്ളത്. 214 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 3515 പേര്‍ക്കാണ്. മധ്യപ്രദേശ്, രാജസ്ഥാന്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തില്‍ അധികം ആളുകള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.