ഇന്ത്യയിലെ ആദ്യത്തെ ഫ്ലോ മോഷൻ വീഡിയോ ഫോർട്ട് കൊച്ചി പശ്ചാത്തലത്തിൽ; ‘ഫ്ലോ മോഷൻ ഓഫ് ഫോർട്ട് കൊച്ചി’
ഇന്ത്യയിലെ ആദ്യത്തെ ഫ്ലോ മോഷൻ വീഡിയോയ്ക്ക് പശ്ചാത്തലമായത് കേരളത്തിന്റെ സ്വന്തം ഫോർട്ട് കൊച്ചിയാണ്. പരീക്ഷണങ്ങൾക്കും പുതുമകൾക്കും എന്നും വേദിയാകാറുള്ള കൊച്ചിയെ സോണിയുടെ ആൽഫ എ 9ൽ പകർത്തിയത് ഷെബിൻ സെബാസ്റ്റ്യനാണ്. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഫ്ലോ മോഷൻ ആദ്യമായി ഇന്ത്യയിലെത്തിയപ്പോൾ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ കൊച്ചിയെ തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു കാരണമുണ്ട്.
കൊച്ചിൻ കാർണിവലിന്റെ സമയത്ത് ഒരാഴ്ചകൊണ്ടാണ് ഈ ഫ്ലോ മോഷൻ ചിത്രങ്ങൾ പകർത്തിയത്. ഇതിനായി കൊച്ചിയുടെ വിവിധ ഭാഗങ്ങളെ ഉൾപ്പെടുത്തി 8000ത്തോളം ചിത്രങ്ങൾ പകർത്തി. കൊച്ചിൻ കാർണിവലിന്റെ സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കൊച്ചിയിലേക്കൊഴുകിയെത്തും. പോർച്ചുഗീസ് പുതുവത്സരാഘോഷങ്ങളിലൂടെയാണ് കൊച്ചിൻ കാർണിവൽ തുടക്കമിടുന്നത്.
പുതുവത്സര രാവിൽ പപ്പാഞ്ഞിയെ കത്തിച്ച് തുടക്കമിടുന്ന ആഘോഷങ്ങൾ ഒട്ടേറെ കാഴ്ചകളുടെയും സംസ്കാരങ്ങളുടെയും വേദിയാണ്. കൊച്ചി കാർണിവലിലെ സംഭവങ്ങളും, മലയാളികൾക്ക് പുറമെ പോർച്ചുഗീസ്, ഗുജറാത്തി, പഞ്ചാബി, കന്നഡ, അറബ്, ഡച്ച്, ആംഗ്ലോ ഇന്ത്യൻ തുടങ്ങി വിവിധ സംസ്കാരങ്ങളിൽ നിന്നും വന്നെത്തുന്ന ആളുകളും ആരവവുമെല്ലാം കോർത്തിണക്കിയാണ് ഫ്ലോ മോഷൻ ഒരുക്കിയിരിക്കുന്നത്.
ഈ ആശയത്തിന് പിന്നിൽ മോട്ടോർസൈക്കിൾ സ്റ്റോറീസ് ആണ്. ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് ഷെബിൻ സെബാസ്റ്റ്യനാണ്. പ്രോജക്റ്റ് ഡിസൈൻ – ബിജു പിക്ചർകഫെ, സാങ്കേതിക പിന്തുണ – സോണി ടീം, ക്രിയേറ്റീവ് പിന്തുണ-അർജു ബെൻ, അജ്മൽ ബെൻ, അലക്സോ ബെൻ, സിബി പുളിമോട്ടിൽ, പ്രവീൺ ടി.പി, ക്രിയേറ്റീവ് ഇൻഫ്ളുവൻസർമാർ -റോബ് വൈറ്റ്വർത്ത്, അലജാൻഡ്രോ സിൽവ , തോമസ് വാൽസക്ക്, മാറ്റ് ക്ലെമൻറ്സ്, കാഷെ ബണ്ണി.