‘അയ്യപ്പനും കോശിയും’ ഹിന്ദിയിലേയ്ക്ക്

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് സിനിമയുടെ സംവിധായകന്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ഹിന്ദി റിമേക്കിന് ഒരുങ്ങുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന് എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന് കാഴ്ചവയ്ക്കുന്നതും. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Read more: മധുരിതമായ മാംഗോ കുള്‍ഫി സര്‍പ്രൈസുമായി സച്ചിന് തെന്‍ഡുല്‍ക്കര്‍
തെലുങ്കിലേയ്ക്കും അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാനിരിക്കുകയാണ്. സിതാര എന്റര്‍ടെയ്ന്‍മെന്റ്സാണ് തെലുങ്കില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Story highlights: John Abraham acquires Hindi remake rights of Ayyappanum Koshiyum