‘അബദ്ധങ്ങൾ ഒറിജിനൽ ആയപ്പോൾ’, ‘രേവതിയുടെ വീഴ്ചയും, ചാക്കോച്ചന്റെ ചിരിയും’ സോഷ്യൽ മീഡിയയിൽ സജീവമായ മലയാള സിനിമയിലെ അബദ്ധങ്ങൾ

May 19, 2020
cinema

താത്കാലിക ആസ്വാദനത്തിനുള്ള ഒരു കലാരൂപത്തിനപ്പുറം സിനിമ ഇന്ന് മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ നാടകീയത്വത്തിൽ നിന്നും സ്വാഭാവികതയിലേക്ക് സിനിമ മാറുകയാണ്. ഓരോ പ്രേക്ഷകനും സിനിമയെ കൂടുതൽ അടുത്തറിയാനും ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ സിനിമയിൽ ഉണ്ടാകുന്ന ചെറിയ അബദ്ധങ്ങൾ പോലും സിനിമ പ്രേമികൾ എളുപ്പത്തിൽ കണ്ടുപിടിക്കാറുണ്ട്. എന്നാൽ സിനിമയിൽ ഓർക്കാപ്പുറത്ത് സംഭവിക്കുന്ന ചില അബദ്ധങ്ങൾ ആകാം പിന്നീട് വലിയ ഹിറ്റുകൾ ആയി മാറാറുള്ളത്.

അത്തരത്തിൽ സിനിമയിൽ സംഭവിച്ച ചില അബദ്ധങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു സിനിമാഗ്രൂപ്പിൽ ജിതിൻ ഗിരീഷ് എന്ന ആസ്വാദകനാണ് സിനിമയിലെ അബദ്ധങ്ങളെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. എന്നാലിപ്പോൾ അത് മലയാള സിനിമയും കടന്ന് പോയിരിക്കുന്നു.

Read also: ഉള്ളുതൊടുന്ന ഓര്‍മ്മപ്പെടുത്തലുമായി ‘കൂടെവിടെ’; ജിബു ജേക്കബിന്റെ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

‘തെമ്മാ തെമ്മാ തെമ്മാടി കാറ്റെ..’ എന്ന ഗാന രംഗത്തിൽ നായിക വീഴാൻ പോകുമ്പോൾ ജൂനിയർ ആർട്ടിസ്റ്റ് താങ്ങിപ്പിടിക്കുന്നതാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത്. ഈ രംഗം അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും പിന്നീട് സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു. അതിനൊപ്പം ‘ചതിക്കാത്ത ചന്തു’വിൽ സലിം കുമാർ‌ പോയ ശേഷമുള്ള ജയസൂര്യയുടെ റിയക്ഷനും അത്തരത്തിൽ അബദ്ധത്തിൽ സംഭവിച്ചതാണത്രേ. ടേക്കിൽ അറിയാതെ വന്ന അബദ്ധങ്ങൾ പിന്നീട് ഒഴിവാക്കാതെ സിനിമയിൽ ഉപയോഗിച്ച നിരവധി സംഭവങ്ങൾ ഉണ്ട്.

അനിയത്തിപ്രാവിലെ ചാക്കോച്ചന്റെ ചിരി, അഗ്നിദേവനിലെ രേവതിയുടെ വീഴ്ച, ചാപ്പാക്കുരിശിലെ ഫഹദിന്റെ വീഴ്ച, കല്യാണരാമനിലെ ദിലീപിന്റെ ചിരി, ബിഗ് ബി യിലെ കാറിന്റെ ഒരു ഭാഗം പൊട്ടിതെറിച്ച് മമ്മൂട്ടിയുടെ അടുത്ത് കൂടി പോകുന്ന രംഗം തുടങ്ങിയവയൊക്കെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഇവരുടെ കണ്ടെത്തൽ. എന്തായാലും സമൂഹമാധ്യമങ്ങളിൽ സജീവമായ ചർച്ചയായി കഴിഞ്ഞു ഈ അബദ്ധങ്ങൾ.

Story Highlights: keen study on malayam cinema